‘എക്‌സറേ റിപ്പോര്‍ട്ടില്‍ എല്ലുകള്‍ പൊട്ടിയിരുന്നു’; ഷെറിന്‍ മാത്യു ക്രൂരമര്‍ദ്ദനത്തിനിരയായതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍

ഷെറിന്‍ മാത്യു

ടെക്‌സാസ്: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യു  ക്രൂരമര്‍ദ്ദനത്തിനിരയായതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. പലതവണയായി എല്ലുകള്‍ക്ക് ക്ഷതം ഏറ്റതായും പരുക്കുകള്‍ പറ്റിയതായും ഡോക്ടര്‍ മൊഴി നല്‍കി.

മുന്‍പ് നടത്തിയ എക്‌സറേകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ശിശുരോഗ വിദഗ്ദ്ധയായ സൂസണ്‍ ദകില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ നിരവധി എക്‌സറെ റിപ്പോര്‍ട്ടുകളാണ് ഇതിനായി തെരഞ്ഞെടുത്തത്. സംഭവത്തില്‍ വിശദമായ പരിശോധന നടന്നുവരികയാണ്.

കാല്‍മുട്ട്, തുടയെല്ല് എന്നിവയ്ക്കാണ് പൊട്ടലുകള്‍ സ്ഥിരീകരിച്ചത്. ഇവകൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുന്‍പ് പരുക്കേറ്റതിന്റെ പാടുകള്‍ കാണപ്പെട്ടതായും ഡോക്ടര്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ദത്തെടുത്തതിന് ശേഷമാണ് കുട്ടിക്ക് ഇത്തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിച്ചതെന്നും സൂസണ്‍ പറയുന്നു. കാഴ്ചയ്ക്കും സംസാരത്തിനും വൈകല്യമുള്ള ഷെറിന്‍ ഭക്ഷണം കഴിക്കുന്നതില്‍ വീഴ്ച വരുത്തിയതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ടെക്‌സാസിലെ വീട്ടില്‍ നിന്ന് കാണാതായ ഷെറിന്റെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം വീടിനടുത്തെ കലുങ്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി
മാത്യുവിനെയും വളര്‍ത്തമ്മ സിനിയെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും സാഹചര്യത്തെളിവുകളുമാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്.

പാലുകുടിക്കാത്തതിന് വീടിന് വെളിയില്‍ നിര്‍ത്തിയ കുട്ടിയെ കാണാതായെന്നാണ് വെസ്‌ളി ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പിന്നീടാണ് നിര്‍ബന്ധിച്ച് പാലുകുടിപ്പിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. കുട്ടിയെ സംരക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ച പറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിനി അറസ്റ്റിലാകുന്നത്. ബിഹാര്‍ നളന്ദയിലെ മദര്‍ തെരേസാ സേവാ ആശ്രമ അനാഥാലയത്തില്‍ നിന്ന് 2016 ലാണ് അമേരിക്കന്‍ മലയാളികളായ വെസ്‌ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top