പണം തട്ടിയെടുത്തു; മുന്‍ ഭാര്യക്കും മക്കള്‍ക്കുമെതിരെ നടപടിക്കൊരുങ്ങി മറഡോണ

ഡീഗോ മറഡോണ

ബ്യൂണസ് അയേഴ്‌സ്: മുന്‍ ഭാര്യയും മക്കളും പണം തട്ടിയെടുത്തെന്ന് ആരോപിച്ച് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ രംഗത്ത്. മുന്‍ ഭാര്യയായ ക്ലോഡിയ വില്ലാഫൈന്‍ മകള്‍ ഡാല്‍മ, ജിയാന്നിയ എന്നിവര്‍ 2000- 2015 കാലഘട്ടത്തില്‍ 29 കോടിയോളം രൂപ തട്ടിയെടുത്തതായാണ് മറഡോണ പറയുന്നത്.

തന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത പണം ഭാര്യയും മക്കളും ഉറുഗ്വെയിലുള്ള ബാങ്ക് അങ്കൗണ്ടില്‍ നിക്ഷേപിച്ചതായും ഈ പണം ഉപയോഗിച്ച് അമേരിക്കയില്‍ വസ്തു വാങ്ങിയതായും മറഡോണ ആരോപിച്ചു. പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കേസ് നടന്നുകൊണ്ടിരിക്കവെ ജിയാന്നിയ അര്‍ജന്റീനയില്‍ നിന്നും ഉറുഗ്വെയിലേക്ക് പോയതിനെ മറഡോണയുടെ വക്കീലും വിമര്‍ശിച്ചു.

രണ്ട് മൂന്നു മണിക്കൂര്‍ നേരത്തേക്ക് വിനോദസഞ്ചാരത്തിനാണോ ജിയാന്നിയ ഉറുഗ്വെയിലേക്ക് പോയതെന്ന് മറഡോണയുടെ വക്കീല്‍ ചോദിച്ചു. ക്ലോഡിയയ്ക്ക് ഉറുഗ്വെയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. മക്കളില്‍ ഒരാള്‍ ഇവിടെ നിന്നും ആ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറഡോണയുടെ ആരോപണത്തിനെതിരെ ജിയാന്നിയ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഞാന്‍ എവിടെയാണ് താമസിക്കുന്നതെന്ന് അവര്‍ക്ക് അറിയാം. എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് ഇവിടെ വന്ന് പരിശോധിക്കാം എന്നായിരുന്നു ജിയാന്നിയയുടെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top