സിംബാബ്‌വെയ്ക്ക് ഇനിമുതല്‍ പുതിയ നായകന്‍; എമേഴ്‌സണ്‍ എംനാന്‍ഗാഗ്‌വെ ഇന്ന് അധികാരമേല്‍ക്കും

എമേഴ്സണ്‍ എംനാന്‍ ഗാഗ്‌വെ

ഹരാരെ: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായതോടെ സിംബാബ്‌വെയില്‍ പുതിയ പ്രസിഡന്റ് ഇന്ന് അധികാരമേല്‍ക്കും. മുഗാബെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ എംനാന്‍ഗാഗ്‌വെ ഇടക്കാല പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 37 വര്‍ഷം നീണ്ട റോബര്‍ട്ട് മുഗാബെ ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. രണ്ടാഴ്ച മുന്‍പ് മുഗാബെ പുറത്താക്കിയതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ അഭയം പ്രാപിച്ചിരുന്ന എമേഴ്‌സണ്‍ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് തിരിച്ചെത്തിയത്.

അതേസമയം, രാജിവെച്ച റോബര്‍ട്ട് മുഗാബെയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ സൈന്യം ഉപേക്ഷിച്ചു. മുഗാബെയും ഭാര്യ ഗ്രെയ്‌സും നിയമനടപടികള്‍ നേരിടേണ്ടതില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇരുവര്‍ക്കും രാജ്യത്ത് തുടരാനും സൈന്യം അനുമതി നല്‍കിയിട്ടുണ്ട്. നിയമനടപടികളില്‍ നിന്ന് സംരക്ഷണവും ജീവന് സുരക്ഷയും വേണമെന്ന മുഗാബെയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. അഴിമതി കേസുകളില്‍ ഉള്‍പ്പെടെ വിചാരണ ഒഴിവാക്കാമെന്ന് ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുഗാബെ രാജിവെച്ചത്.

2018 ഫെബ്രുവരിയിലാണ് സിംബാബ്‌വെയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുവരെ എമേഴ്‌സണ്‍ ഇടക്കാല പ്രസിഡന്റായി തുടരുമെന്ന് ഭരണകക്ഷിയായ സാനു പിഎ് വക്താവ് പറഞ്ഞു. രാജ്യത്ത് തിരിച്ചെത്തിയ എമേഴ്‌സണ് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. രാജ്യം പുനര്‍നിര്‍മ്മിക്കുന്നതിന് ഒരുമിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ സുരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ രാജ്യത്തേക്ക് തിരിച്ചെത്തൂവെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

നവംബര്‍ 15 നാണ് പട്ടാളം മുഗാബെയെ പുറത്താക്കി രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തത്. രാജിവെക്കാന്‍ കൂട്ടാക്കാതിരുന്ന മുഗാബെ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നവംബര്‍ 21 നാണ് രാജിവെച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കി എംനാന്‍ഗാഗ്‌വെയെ പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇംപീച്ച്‌മെന്റ് നടപടി പുരോഗമിക്കുന്നതിനിടെയാണ് മുഗാബെ രാജിവെച്ചത്. മുഗാബെയുടെ ഭാര്യ ഗ്രെയ്‌സിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

ഭാര്യയെ പിന്‍ഗാമിയാക്കാന്‍ വേണ്ടിയായിരുന്നു വൈസ് പ്രസിഡന്റായ എംനാന്‍ഗാഗ്‌വെയെ മുഗാബെ പുറത്താക്കിയത്. തുടര്‍ന്നാണ് അദ്ദേഹത്തോട് അനുഭാവമുള്ള പട്ടാളം മുഗാബയെ വീട്ടുതടങ്കലിലാക്കി ഭരണം പിടിച്ചെടുത്തത്. എന്നാല്‍ രാജിവെക്കാന്‍ തയ്യാറല്ലെന്ന് നിലപാടായിരുന്നു മുഗാബെ സ്വീകരിച്ചത്. ഇതിനെതിരെ രാജ്യത്ത് വന്‍പ്രതിഷേധം അരങ്ങേറി. സ്വന്തം പാര്‍ട്ടിയായ സാനു പിഎഫ് ഉള്‍പ്പെടെ രാജിക്കായി മുറവിളികൂട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജി ആവശ്യം ഉയര്‍ത്തി ജനങ്ങള്‍ തെരുവിലിറങ്ങി. ഇതോടെയാണ് രാജിവെച്ച് പിന്‍മാറാന്‍ മുഗാബെ തയ്യാറായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top