അവിവാഹിതരായ അമ്മമാര്‍ക്കും വിധവകള്‍ക്കും കൈത്താങ്ങായി ശാക്തീകരണ പദ്ധതി വരുന്നു

ആലപ്പുഴ: ഭര്‍ത്താവ് മരിച്ചവരുടേയും അവിവാഹിതരായ അമ്മമാരുടേയും ഉന്നമനം ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പ് ശാക്തീകരണ പദ്ധതി തയ്യാറാക്കുന്നു. ആലപ്പുഴ ജില്ലയിലാണ് ഇതിന് ആദ്യഘട്ട തുടക്കം കുറിക്കുന്നത്. ഇത്തരം സ്ത്രീകളെ സാമ്പത്തികവും സാമൂഹികവുമായ പിന്തുണ നല്കി സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്.
സ്വയം തൊഴില്‍ പരിശീലനലവും തൊഴില്‍ കണ്ടെത്തുന്നതിനാവശ്യമായ പിന്തുണയും പദ്ധതിയിലൂടെ നല്‍കുകയാണ് ആദ്യഘട്ടം ചെയ്യുക. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടും. ജില്ലാ സാമൂഹിക നീതി ഓഫീസിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് വിഭാഗത്തിനാണ് പദ്ധതിയുടെ ചുമതല.

33.75 ലക്ഷം രൂപ അനുവദിച്ചിരിക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍, ആശാ വര്‍ക്കര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരിലൂടെ ഗണഭോക്താക്കളെ കണ്ടെത്തും. വസ്ത്ര നിര്‍മ്മാണം, എംബ്രോയ്ഡറി, ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ്, ബേക്കറി ഉത്പന്നനിര്‍മ്മാണം, ബാഗ് നിര്‍മ്മാണം എന്നിവയില്‍ തൊഴില്‍ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നിലവിലുള്ള തൊഴിലിടങ്ങളില്‍ തൊഴില്‍ കണ്ടെത്തുന്നതിനോ സ്വയം തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായ്പ എടുക്കുന്നതിനോ സഹായം ചെയ്യും. പദ്ധതിക്കായി ഉടന്‍ തന്നെ അപേക്ഷകള്‍ ക്ഷണിച്ച് തുടങ്ങും.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക