കാസര്‍ഗോഡ് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഗൂണ്ടാ ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

കാസര്‍ഗോഡ്: അനന്തപുരം വ്യവസായ പാര്‍ക്കില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഗൂണ്ടാ ആക്രമണം. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അനന്തപുരം വ്യവസായ പ്ലോട്ടില്‍ ബി ട്രി എന്ന സ്ഥാപനത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായിരിക്കുന്നത് .

കുമ്പള കേന്ദ്രീകരിച്ചുള്ള ഗൂണ്ടാ സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി സ്ഥാപനയുടമ സാലിഹ് ജില്ലാ പൊലീസ് മേധാവിക്കും കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം എന്ന് സാലിഹ് പറയുന്നു.

സംഭവത്തില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാന രീതിയില്‍ ഉപ്പളയിലും പരിസരപ്രദേശങ്ങളിലും നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളുടെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പൊലീസ് നടപടികള്‍ ശക്തമാക്കാത്തതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ക്കെതിരെ ഗൂണ്ട ആക്ട് പ്രകാരം കേസെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top