ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശനം; ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊല്ലുന്നതായി പരാതി

പ്രതീകാത്മക ചിത്രം

ഹൈദരാബാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശന ഭാഗമായി
ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊല്ലുന്നുവെന്ന പരാതിയുമായി പ്രദേശവാസികളും മൃഗസ്‌നേഹികളും രംഗത്ത്. ഇവാന്‍ക സന്ദര്‍ശിക്കുന്നതിനാല്‍ ഹൈദരാബാദ് നഗരം മുഴുവന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് തെരുവുനായ്ക്കളെയും കൊന്നുതള്ളുന്നത്.

ബന്‍ജാരാഹില്‍സ്, ജൂബിലി ഹില്‍സ് എന്നിവിടങ്ങളില്‍ നിന്നും ഒരു ദിവസം കൊണ്ടാണ് നായ്ക്കളെ മുഴുവന്‍ കാണാതായതെന്ന് മൃഗസ്‌നേഹികള്‍ പറയുന്നു. ഇവിടെ നിന്നെല്ലാം നായ്ക്കളെ ഹൈദരാബാദ് നഗരസഭയിലേക്ക് പിടിച്ചുകൊണ്ടുപോയി അവിടെവെച്ച് വിഷം നല്‍കി കൊലപ്പെടുത്തുകയാണെന്ന് പ്രദേശ വാസികളും ആരോപിച്ചു.

ഈ മാസം ഹൈദരാബാദില്‍ നടക്കാന്‍ പോകുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയുടെ ഭാഗമായി നഗരം ശുചീകരിക്കുന്നതിനാണ് നായ്ക്കളെ പിടിച്ചുകൊണ്ടുപോയി ക്രൂരത കാണിക്കുന്നതെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറഞ്ഞു. വിഷം നല്‍കിയ നായ്ക്കള്‍ പലതും ചത്തുവെന്നും ബാക്കിയുള്ളവ ഗുരുതരമായ നിലയിലാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.

ജൂബിലി ഹില്ലിലും, ബന്‍ജാര ഹില്ലിലും ഉള്ള നായകള്‍ ഉപദ്രവകാരികള്‍ അല്ലെന്നും അവ ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. തെരുവുനായ്ക്കള്‍ക്കു പുറമെ വളര്‍ത്തു നായ്ക്കളെയും കാണാതായിട്ടുണ്ട്. നായ്ക്കള്‍ക്ക് വിഷം നല്‍കുന്നുണ്ടെന്ന വാര്‍ത്ത പടര്‍ന്നതോടെ പലരും നായ്ക്കളെയും കൊണ്ട് മൃഗാശുപത്രിയില്‍ പരിശോധനയ്‌ക്കെത്തുന്നുണ്ട്. പരിശോധനയ്ക്ക് കൊണ്ടുവന്ന നായ്ക്കളില്‍ പലതും വിഷം കഴിച്ചിട്ടുണ്ടെന്ന് വ്യക്തമായതായി മൃഗഡോക്ടര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top