നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ദിലീപ് എട്ടാം പ്രതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം പൊലീസ്  അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അയ്യായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് മാപ്പുസാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബിജു പൗലോസാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസിലെ അനുബന്ധകുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ കുറ്റപത്രം നേരത്തെ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ആദ്യ ഏഴ് പ്രതികളാണ് ഒന്നാം കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി.

പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയ മേസ്തിരി സുനില്‍ (9), സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച് കൊടുത്ത വിഷ്ണു (10), കേസിലെ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍ പ്രതീഷ് ചാക്കോ (11), ഇയാളുടെ ജൂനിയര്‍ അഭിഭാഷകന്‍ രാജു ജോസഫ് (12) എന്നിവരാണ് അനുബന്ധ കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍.

ജയിലില്‍നിന്നും പള്‍സര്‍ സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ലാലും ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പൊലീസുകാരന്‍ അനീഷുമാണ് മാപ്പ് സാക്ഷികള്‍. നടി മഞ്ജു വാര്യരും സാക്ഷിപട്ടികയിലുണ്ട്. സിനിമ മേഖലയില്‍ നിന്നും ചില പ്രമുഖരെയും സാക്ഷിപട്ടികയില്‍ പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് എട്ടാം പ്രതിയായ ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.  അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 12 പ്രതികളുണ്ട്.

ബലാത്സംഗം, തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങി പതിനേഴ് വകുപ്പുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ അന്വേഷണ സംഘം ആ തീരുമാനം മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു.  സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച  ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

2017 ഫെബ്രുവരി പതിനേഴിനായിരുന്നു നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കപ്പെട്ട് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ പൊലീസ് പടികൂടുന്നത്. എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top