“ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ ബോളിവുഡിലെ ഏറ്റവും വലിയ നടിക്ക് വിലപറയുന്നു”, പത്മാവതി വിവാദത്തില്‍ ബിജെപിയെ തുറന്നുകാട്ടി വാഷിംഗ്ടണ്‍ പോസ്റ്റ്

ഏവരും കാത്തിരുന്ന പത്മാവതി എന്ന സിനിമയ്‌ക്കെതിരെ ബിജെപി ഉയര്‍ത്തുന്ന കോലാഹലങ്ങള്‍ തുറന്നുകാട്ടി വാഷിംഗ്ടണ്‍ പോസ്റ്റ്. ബിജെപി നേതാവ് ദീപികയുടെ തലയ്ക്ക് വിലപറഞ്ഞതാണ് ഏറ്റവും നാണം കെട്ട പ്രവര്‍ത്തിയായി പത്രം എടുത്തുകാട്ടുന്നത്. ബോളിവുഡിലെ ഏറ്റവും വലിയ നടിയാണ് ദീപിക എന്നും പത്രം എടുത്തുപറയുന്നു.

മീററ്റിലെ ക്ഷത്രിയ സമുദായ അംഗമായ താക്കൂര്‍ അഭിഷേക് സോമാണ് കൊലവിളി നടത്തി ആദ്യം രംഗത്തെത്തിയത്. ചിത്രത്തില്‍ പത്മാവതി റാണിയ്ക്ക് അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധമുണ്ടെന്ന രീതിയില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് നേതാവിന്റെ ആക്ഷേപം. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും, നായിക ദീപിക പദുകോണും, സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയും രാജ്യം വിട്ട് പോകേണ്ടതാണെന്നും നേതാവ് ആവശ്യപ്പെടുന്നു.

ചലചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലിയുടെ തല വെട്ടാന്‍ 10 കോടി രൂപാ പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവും രംഗത്തെത്തി. ഹരിയാനയിലെ ബിജെപിയുടെ മീഡിയ കോര്‍ഡിനേറ്ററായ സുരാജ്പാല്‍ അമുവാണ് കടുത്ത കുറ്റകൃത്യമായ കൊലപാതക ആഹ്വാനം നടത്തിയത്.

നേരത്തേ ദീപികയുടേയും ബന്‍സാലിയുടേയും തല വെട്ടാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് അഭിനന്ദനമറിയിക്കാനും ഇയാള്‍ മറന്നില്ല. ദീപികയ്ക്കും ബന്‍സാലിക്കും പുറമെ രണ്‍വീര്‍ സിംഗിനും സുരാജ്പാല്‍ വക ഭീഷണിയുണ്ട്. ബന്‍സാലിക്ക് നല്‍കുന്ന പിന്തുണ പിന്‍വലിച്ചില്ലെങ്കില്‍ അടിച്ച് കയ്യും കാലും ഒടിക്കും എന്നാണ് ഭീഷണി. നേരത്തെ പത്മാവതിയുടെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ പോലും ഹിന്ദു സംഘടനകള്‍ അടിച്ച് തകര്‍ത്തിരുന്നു. ഇക്കാര്യങ്ങളെല്ലാം വാഷിംഗ്ടണ്‍ പോസ്റ്റ് വ്യക്തമായി വിവരിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top