മൂന്നാറില്‍ ഹര്‍ത്താല്‍ തുടങ്ങി; സിപിഐ വിട്ടു നില്‍ക്കുന്നു

മൂന്നാര്‍: മൂന്നാറിലെ പത്ത് പഞ്ചായത്തുകളില്‍ മൂന്നാര്‍ സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കളക്ടറുടെ എന്‍ഒസി ഇല്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതടക്കമുളള റവന്യൂ നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനെ സിപിഐഎം പിന്തുണയ്ക്കുന്നുണ്ടെങ്കിലും സിപിഐ വിട്ടു നില്‍ക്കുകയാണ്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നും കടകള്‍ തുറക്കുമെന്നും സിപിഐ പറയുമ്പോള്‍ എന്ത് വില കൊടുത്തും ഇതിനെ എതിര്‍ക്കുമെന്ന് സിപിഐഎമ്മും വ്യക്തമാക്കുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സന്നാഹം മൂന്നാറില്‍ നിലയുറപ്പിക്കുന്നുണ്ട്.  പള്ളിവാസല്‍, മൂന്നാര്‍ ദേവികുളം,ചിന്നകനാല്‍, ശാന്തന്‍പാറ, മറയൂര്‍, കാന്തളൂര്‍, വട്ടവട, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹര്‍ത്താല്‍ ദിവസം സിപിഐയുടെ നേതൃത്വത്തിലുള്ള ടാക്‌സി യൂണിയന്‍ വാഹനങ്ങള്‍ ഓടിക്കുമെന്നും കടകള്‍ തുറക്കുമെന്നും കഴിഞ്ഞ ദിവസം സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. ആവശ്യമില്ലാത്ത ഹര്‍ത്താല്‍ ആണെന്നും ദേവീകുളം എംഎല്‍എയുടെ പിടിവാശിയാണ് ഹര്‍ത്താലിന് കാരണമെന്നുമാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

അതേസമയം വാഹനങ്ങള്‍ നിരത്തിലിറക്കാനും കടകള്‍ തുറക്കാനും ഒരു കരാണവശാലും അനുവദിക്കില്ലെന്ന് സിപിഐഎം നേതൃത്വവും വ്യക്തമാക്കി.  പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സുരക്ഷയും കര്‍ശനമാക്കിയിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top