ബ്ലാസ്റ്റേഴ്സിന് പിഴച്ചത് എവിടെ ? ആദ്യകളി വിശകലനം ചെയ്യുമ്പോള്‍
കൊല്‍ക്കത്ത ഇത്രയേ ആഗ്രഹിച്ചിരുന്നുള്ളു. ഒരു സമനില. ഒരു പോയിന്റ്. ബര്‍ബറ്റോവും ഹ്യൂമും വെസ്ബ്രൗണും കളിക്കുന്ന ടീമില്‍ നിന്നൊരു തോല്‍വി തുടക്കത്തില്‍ ഒഴിവാക്കുക. ടീമിന്റെ വിന്യാസക്രമവും കളത്തിലെ തന്ത്രങ്ങളും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. 4-5-1 രീതിയിലാണ് പരിശീലകന് ടെറി ഷെറിംഗ് ടീമിനെ അണിനിരത്തിയത്. കൂടുതല്‍ നേരം പന്ത് കൈവശം വെയ്ക്കുക, കൃത്യതയോടെ കുറിയ പാസുകള്‍ മാത്രം ഉപയോഗിക്കുക, ഏറ്റവും നല്ല അവസരങ്ങളില്‍ മാത്രം പ്രത്യാക്രമണങ്ങളിലൂടെ ഗോളിനായി ശ്രമിക്കുക, പന്ത് സ്വന്തം പകുതിയിലേക്ക് വരുന്നത് പരമാവധി തടയുക, ബ്ലാസ്റ്റേഴ്സിനെ മുഴുവന്‍ സമയവും സമ്മര്‍ദത്തില്‍ നിര്‍ത്തുക. ചുരുക്കത്തില്‍ തോല്‍വി ഒഴിവാക്കി പോയിന്റ് നഷ്ടമെന്ന ദുരന്തം ഒഴിവാക്കുക. പരിശീലകന്റെ നിര്‍ദ്ദേശങ്ങള്‍ കളിക്കാര്‍ അങ്ങനെതന്നെ പ്രാവര്‍ത്തികമാക്കിയപ്പോള്‍ ആഗ്രഹിച്ച ഫലവും ഉണ്ടായി.

റോബി കീനിന്റെ അഭാവവും മുഖ്യ ഡിഫന്ററായ സ്പാനിഷ് താരം ജോര്‍ഡിയുടെ പരുക്കും എവേ മത്സരമെന്ന പരിഗണനയും എതിരാളികള്‍ വമ്പിച്ച ആരാധക പിന്തുണയുള്ള ബ്ലാസ്റ്റേഴാണെന്ന ചിന്തയുമായിരിക്കണം ഒരു പക്ഷേ ആക്രമണം എന്ന തന്റെ പ്രധാന മുദ്രാവാക്യത്തെ തത്കാലത്തേക്കെങ്കിലും മാറ്റിവയ്ക്കാന്‍ ടെഡിയെ പ്രേരിപ്പിച്ചിരിക്കുക. എന്തായാലും അത് വിജയം കണ്ടു. അറുപതുശതമാനമായിരുന്നു അവരുടെ ബോള്‍ പൊസഷന്റെ (പന്ത് കൈവശം വയ്ക്കല്‍) തോത്. കൃത്യതയാര്‍ന്ന 518 പാസുകള്‍. ടാര്‍ജെറ്റിലേക്ക് നാല് ഷോട്ടുകള്‍ മാത്രം. കണ്ണും പൂട്ടിയുള്ള മുന്നേറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായതുമില്ല. ആഗ്രഹിച്ചപോലെ ബ്ലാസ്റ്റേഴ്സിനെ വട്ടംകറക്കാനുമായി.


ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളെ തുടക്കത്തിലെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മധ്യനിരയില്‍ അഞ്ചു പേരെ അണിനിരത്തിയത്. ബെര്‍ബെറ്റോവും ഹ്യൂമും വിനീതും അടങ്ങുന്ന മുന്നേറ്റ നിരയെ തടയാന്‍ ഇതുതന്നെയായിരുന്നു നല്ല പോംവഴിയും. ഈ വല പൊട്ടിച്ചാലും ഭയപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല കൊല്‍ക്കത്തയ്ക്ക്. കാരണം പ്രതിരോധത്തില്‍ കരുത്തരായ ജോര്‍ഡിയും പ്രബീര്‍ ദാസും തോര്‍പ്പും ഉണ്ടായിരുന്നു. അവര്‍ക്ക് പിറകില്‍ കരുത്തനായ ഗോള്‍കീപ്പര്‍ ദേബജിത് മജുംദാറും. അങ്ങേയറ്റം സുരക്ഷതവും അപകടരഹിതവുമായിരുന്നു ഈ വിന്യാസരീതി. രണ്ടുതവണ മാത്രമാണ് ഈ വലയം പൊട്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിനായത്. അവിടെ അപകടം ഒഴിവാക്കാന്‍ മജുംദാറിന് കഴിയുകയും ചെയ്തു. അപ്പോള്‍ ടെഡി ഷെറിംഗ് തന്ത്രങ്ങളുടെ വിജയമായിരുന്നു കൊല്‍ക്കത്തയുടെ സമനില എന്നുവ്യക്തം. ഇങ്ങനെയൊന്ന് മുന്നില്‍ കാണാന്‍ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് മ്യൂലന്സ്റ്റീന് കഴിഞ്ഞുമില്ല.

ബ്ലാസ്റ്റേഴ്സിനെപ്പോലെ താര നിബിഡമായൊരു ടീമിനെതിരെ കളിക്കുമ്പോള്‍ പുലര്‍ത്തേണ്ട മുന്‍കരുതലുകളെക്കുറിച്ച് ടെറി ഷെറിംഗിന് നല്ല ധാരണയുണ്ടായിരുന്നു എന്നു തീര്‍ച്ച. റോബി കീന്‍ മടങ്ങിവരുമ്പോള്‍ അവര്‍ ആക്രമണഫുട്ബോളിലേക്ക് തിരിച്ചുവന്നേക്കാം. എന്തായാലും ടെഡിയുടെ തലയെയാണ് മറ്റു ടീമുകള്‍ ഇനി ഭയക്കേണ്ടതെന്ന് വ്യക്തം.

ബ്ലാസ്റ്റേഴ്സ് ടീം
4-3-3 എന്ന രീതിയില്‍ ടീമിനെ വിന്യസിച്ചപ്പോള്‍ തന്നെ ആക്രമണമല്ല പ്രതിരോധമാണ് കൊല്‍ക്കത്തെയ്ക്കെതിരെ തന്റെ തന്ത്രമെന്ന് വ്യക്തമാക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകനായ മ്യുലന്സ്റ്റീന്. കൊല്ക്കൊത്തെയ്ക്കതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ റെക്കോഡ് മോശമായതിനാല്‍ ആദ്യമത്സരത്തെ പോയിന്റ് നഷ്ടത്തില്‍ നിന്ന് സുരക്ഷിതമാക്കുക എന്നൊരു ലക്ഷ്യം കൂടി അദ്ദേഹത്തിനുണ്ടായിരുന്നിരിക്കണം.

അതുപോലെ പ്രധാനമാണ് ആര്‍ത്തിരമ്പുന്ന ആരാധകര്‍ക്ക് മുന്നില്‍ ആദ്യമത്സരം കളിക്കുമ്പോള്‍ കളിക്കാര്‍ സമ്മര്ദ്ദത്തിലാകുമോ എന്ന ഭയവും. ഒപ്പം ചിലകളിക്കാരുടെ ഫിറ്റ്നസിനെ സംബന്ധിച്ചും അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു എന്നും കരുതണം. ഇത്തരമൊരു വിപരീത പശ്ചാത്തലത്തില്‍ ടീം പ്രതിരോധാത്മകമായതില് അസ്വാഭാവികതയൊന്നുമില്ല.
ഇത്രയൊക്കെ ശരിയാണെന്നു കരുതിയാല്‍ തന്നെ ആശങ്കകള്‍ ഒഴിയുന്നുമില്ല. ബ്ലാസ്റ്റേഴ്സിന്റെ ബോള്‍ പൊസഷന്‍ നാല്‍പ്പത് ശതമാനം മാത്രമായിരുന്നു. ആകെ ലക്ഷ്യത്തിലേക്ക് പോയത് രണ്ടു ഷോട്ടുകള്‍ മാത്രം. തെറ്റായ പാസുകളും പൊസിഷന്‍ കൊടുക്കുന്നതിലെ പിഴവുകളും കളിക്കാരുടെ പ്രതികരണങ്ങളിലെ മന്ദതയും ടീമിനെക്കുറിച്ച് ആരാധകര്‍ പുലര്‍ത്തിയ ധാരണകളെ തകിടം മറിക്കുന്നുണ്ട്.

സികെ വിനീത്
ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധവും മധ്യനിരയും മികച്ചതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ആ മികവിനനുസരിച്ചുള്ള പ്രകടനമാണ് അവരില്‍ നിന്നുവരേണ്ടത്. ആദ്യമത്സരത്തില്‍ പ്രകടമായ വലിയ പോരായ്മയും ഇതായിരുന്നു. ബെര്‍ബറ്റോവിന് പലപ്പോഴും ഇറങ്ങിവന്ന് പന്തെടുക്കേണ്ട അവസ്ഥയുമുണ്ടായി. അതില്‍ അദ്ദേഹം അസഹിഷ്ണുവുമായിരുന്നു. ഹ്യൂമിനെ മുന്നേറ്റത്തില്‍ നിര്‍ത്തി കറേജ് പെര്‍ഗൂസന്‍, ബെര്‍ബെറ്റോവ്, വിനീത് എന്നിവരെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരുടെ നിരയിലേക്കിറക്കി. അതിനു പിറകില്‍ മിലന്സിംഗും അറാട്ടാ ഇസുമിയും.

ഇത്രയൊക്കെ മികച്ച താരങ്ങള്‍ അണിനിരന്നിട്ടും മുന്നേറ്റ നിരയിലേക്കുള്ള പന്തിന്റെ വരവ് കഷ്ടിയായിരുന്നു. അതിനാല്‍ ഹ്യൂമിന് തൊട്ടു പിറകില്‍ കളിച്ച വിനീതിനോ ബെര്ബറ്റോവിനോ കാര്യമായി അദ്ദേഹത്തെ സഹായിക്കാനും കഴിഞ്ഞില്ല. വരും മത്സരങ്ങളില്‍ ഈ പോരായ്മ എങ്ങനെ പരിഹരിക്കും എന്നതിനെ ആശ്രയിച്ചാവും ബ്ലാസ്റ്റേഴ്സിന്റെ ഭാവി. പെര്ഗൂസന്റെ ഫിറ്റ്നസ് സംശയാസ്പദമാണെന്ന് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നു. അരാട്ടാ ഇസുമിയും ഈ വഴിക്കുതന്നെയാണ്.

പോള്‍ റാച്ചുബ്ഗ
ഗോള്‍കീപ്പര്‍ പോള്‍ റാച്ചുബഗയുടെ ചില നല്ല സേവുകളാണ് അപകടങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. ഇതൊക്കെയാണെങ്കിലും പ്രതീക്ഷ കൈവിടാറായിട്ടില്ല. പോരായ്മകള്‍ പരിഹരിച്ച് അവര്‍ തിരിച്ചുവരും. അത്രയ്ക്ക് മികവുണ്ട് നമ്മുടെ പരിശീലകനും കളിക്കാര്‍ക്കും. അവര്‍ അവരുടെ ശരിയായ ഫോമിലേക്ക് ഉയരും എന്നുതന്നെ പ്രതീക്ഷിക്കാം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക