സന്നിധാനത്തെ അത്യാധുനിക ആശുപത്രി കെട്ടിടം ഭക്തര്‍ക്ക് സമര്‍പ്പിച്ചു; നിര്‍മാണം പൂര്‍ത്തിയാക്കിയത് ആറുമാസം കൊണ്ട്

ആരോഗ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നു

പത്തനംതിട്ട: ആറുമാസം കൊണ്ട് റെക്കോര്‍ഡ് വേഗത്തില്‍ സന്നിധാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി കെട്ടിടം ആരോഗ്യ മന്ത്രി കെകെ ശൈലജ ഭക്തര്‍ക്ക് സമര്‍പ്പിച്ചു. എല്ലാ സജ്ജീകരണങ്ങളുമുള്ള പതിനെണ്ണായിരം ചതുരശ്ര അടി വിസ്തൃതിയിലുള്ള ആശുപത്രിയാണ് ഭക്തര്‍ക്കായി തുറന്നുകൊടുത്തത്.

ദേശീയ ആരോഗ്യദൗത്യം ഫണ്ടില്‍ നിന്നുള്ള 5.43 കോടി രൂപ ചെലവിട്ടാണ് മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായാണ് സന്നിധാനത്ത് അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ആശുപത്രി തയ്യാറാക്കിയത്. പതിനെണ്ണായിരത്തി ഇരുനൂറ്റിയേഴ് സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഒപി, ഇസിജി റൂം, ഫാര്‍മസി, അത്യാഹിത വിഭാഗം എന്നിവ താഴത്തെ നിലയിലും ഓപ്പറേഷന്‍ തിയേറ്റര്‍, ഐസിയു, ലാബ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ മറ്റ് നിലകളിലുമായാണ് ആശുപത്രി സജ്ജമാക്കിയിരിക്കുന്നത്.

ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. രാജുഏബ്രഹാം എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, അംഗങ്ങളായ കെ രാഘവന്‍, കെപി ശങ്കരദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അടിയന്തര വൈദ്യസഹായം ഏര്‍പ്പെടുത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാവും. റെക്കോര്‍ഡ് വേഗത്തില്‍ നടന്ന നിര്‍മാണ പ്രവൃത്തികളുടെ മേല്‍നോട്ടം ബിഎസ്എന്‍എല്‍ ആണ് നിര്‍വഹിച്ചത്. 20 പാസഞ്ചര്‍ ബെഡ് ലിഫ്റ്റ്, ജനറേറ്റര്‍ എന്നിവ ഉടന്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു. ചെന്നൈയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സംഭാവന ചെയ്ത ഓഫ് റോഡ് എമര്‍ജന്‍സി വെഹിക്കിള്‍ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top