ജിഷ്ണു കേസ്: സിബിഐ അന്വേഷണത്തില്‍ സുപ്രിം കോടതി തീരുമാനം ഇന്ന്

ജിഷ്ണു പ്രണോയ്
ദില്ലി: ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സുപ്രിം കോടതി ഇന്ന് തീരുമാനം പറഞ്ഞയാന്‍ സാധ്യത. കേസ് ഏറ്റെടുക്കാനാവില്ലെന്നറിയിച്ച് സിബിഐ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ജിഷ്ണു കേസില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം പര്യാപ്തമാണെന്നും കേന്ദ്ര ഏജന്‍സിയുടെ ആവശ്യമില്ലെന്നുമാണ് സിബിഐ നിലപാട്.
അതേസമയം, ഷഹീര്‍ ഷൗക്കത്തലി കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസ് നല്കിയ അപേക്ഷയും കോടതിയുടെ പരിഗണനയ്ക്ക് വരും. കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.

നവംബര്‍ ഒന്‍പതിന് കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സുപ്രിം കോടതിയെ അറിയിച്ചത്. ധാരാളം ജോലിഭാരം ഉണ്ടെന്നും ജിഷ്ണു കേസ് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസിന് പര്യാപ്തമായ സംവിധാനങ്ങള്‍ ഉണ്ടെന്നും അതിനാല്‍ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്നുമായിരുന്നു സിബിഐയുടെ നിലപാട്. എന്നാല്‍ സിബിഐക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി ഉയര്‍ത്തിയത്.
അന്വേഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പിന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ മറുപടി നല്കാന് നേരത്തെ സമയം ആവശ്യപ്പെട്ടത് എന്തിനാണെന്ന് സിബിഐയോട് കോടതി ചോദിച്ചു. അത് എഎസ്ജി പറഞ്ഞത് പ്രകാരമാണെന്നും സിബിഐ നിര്‍ദേശ പ്രകാരം അല്ലെന്നുമായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി.
തുടര്‍ന്നാണ് സിബിഐയെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. പരിഗണിച്ചപ്പോഴെല്ലാം അന്വേഷണം ഏറ്റെടുക്കുമെന്ന സൂചനയാണ് സിബിഐ നല്‍കിയത്. നാലുമാസം കഴിഞ്ഞാണ് അന്വേഷണം ഏറ്റെടുക്കില്ലെന്ന് പറയുന്നത്. സംസ്ഥാന സര്‍ക്കാരും സിബിഐയും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് പോവാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കാതിരിക്കാനുള്ള കാര്യങ്ങള്‍ വിശദമാക്കി തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദേശം നല്കി. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക