തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് വിഎം സുധീരന്‍

വിഎം സുധീരന്‍

രാജി ആവശ്യപ്പെടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് വിഎം സുധീരന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. തന്റെ പണത്തിന്റെ കരുത്തില്‍ ആരെയും വരുതിയിലാക്കാം എന്നുള്ള ‘തോമസ് ചാണ്ടി തിയറി’യില്‍ മുഖ്യമന്ത്രിയും വീണിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുധീരന്റെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

മന്ത്രി തോമസ് ചാണ്ടിക്കെതിരെ അതിരൂക്ഷമായ പരാമര്‍ശവും വിധിയും ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിട്ടും മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

മന്ത്രി രാജി വെക്കുന്നതാണ് ഉചിതം, സ്വന്തം സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധം, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച ഹൈക്കോടതി മന്ത്രി ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങി സാധാരണ മനുഷ്യനായി നിയമത്തെ നേരിടണം എന്നീ തരത്തിലുള്ള അതീവ ഗൗരവമുള്ള കാര്യങ്ങളാണ് നിരീക്ഷിച്ചത്. ഇതെല്ലാം പാടെ അവഗണിച്ചുകൊണ്ട് മന്ത്രിയെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന മുഖ്യമന്ത്രി ഭരണഘടനയെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുകയാണ്. സത്യപ്രതിജ്ഞാ ലംഘനമാണിത്.

തന്റെ പണത്തിന്റെ കരുത്തില്‍ ആരെയും വരുതിയിലാക്കാം എന്നുള്ള ‘തോമസ് ചാണ്ടി തിയറി’യില്‍ മുഖ്യമന്ത്രിയും വീണിരിക്കുകയാണെന്ന് വ്യക്തം. മന്ത്രി ചാണ്ടിയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന മുഖ്യമന്ത്രിയെ ഇപ്പോള്‍ കൂട്ടുപ്രതിയായിട്ടാണ് ജനങ്ങള്‍ കാണുന്നത്. ജനവികാരവും സംസ്ഥാന താത്പര്യവും ഇടതുമുന്നണിയിലെ പൊതു അഭിപ്രായവും തീര്‍ത്തും തള്ളിക്കളഞ്ഞ് നിയമലംഘകനായ മന്ത്രി തോമസ് ചാണ്ടിക്ക് മുന്നില്‍ വിനീത വിധേയനായി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ ഒരു രാഷ്ട്രീയ ഭീരുവായി തുടരുന്നതിലും നല്ലത് രാജിവച്ചൊഴിയുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top