തമിഴ്‌നാട്ടില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മുന്‍ സഹപാഠി അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ യുവതിയെ  ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ചെന്നൈ അടമ്പാക്കം സ്വദേശി ഇന്ദുജയാണ് വീടിനുള്ളില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപാഠിയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈയില്‍ യുവ എഞ്ചിനിയറാണ് കൊല്ലപ്പെട്ട ഇന്ദുജ. പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ അമ്മ രേണുകയും സഹോദരി നിവേദിതയും ആശുപത്രിയില്‍ ചികിത്സയിലാണ്. നിവേദിതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

അതേസമയം പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെ ഇന്ദുജയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ അകത്തേക്ക് കടക്കാന്‍ സമ്മതിച്ചില്ല. ഇതോടെയാണ് ഇന്ദുജയുടെ ദേഹത്ത് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

സംഭവം നടക്കുമ്പോള്‍ ഇന്ദുജയുടെ അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല. കരച്ചില്‍ കേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് പൊള്ളലേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആംബുലന്‍സ് 40 മിനുട്ട് വൈകിയാണ് എത്തിയതെന്നും നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top