തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തുനിന്നും മുഖ്യമന്ത്രി പുറത്താക്കണമെന്ന് കുഞ്ഞാലിക്കുട്ടി

എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് വോട്ട് ചെയ്ത ജനങ്ങളെ പുച്ഛിക്കുകയാണ് തോമസ് ചാണ്ടി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി. കലക്ടറുടെ റിപ്പോര്‍ട്ടും എജിയുടെ നിയമോപദേശവും ഹൈക്കോടതിയുടെ പരാമര്‍ശവും എല്ലാം എതിരായിട്ടും മന്ത്രിക്ക് കടിച്ചു തൂങ്ങി അധികാരത്തില്‍ തുടരാന്‍ എവിടെ നിന്നാണ് ഇവര്‍ക്ക് ധൈര്യം ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇടതു മുന്നണിയിലെ ജനപ്രതിനിധികളായ മറ്റ് രണ്ട് പേര്‍ക്കെതിരെയും സമാനമായ ആരോപണമുണ്ട്. പക്ഷേ അതിലും നിയമ നടപടിക്ക് മുതിരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മന്ത്രി തോമസ് ചാണ്ടിക്കെതിരായി ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് നല്‍കിയെന്നാണ് ഹൈക്കോടതി പറഞ്ഞത്. കോടതിയെ സമീപിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി, കുഞ്ഞാലിക്കുട്ടി പത്രക്കുറിപ്പില്‍ പറയുന്നു.

നാണം കെട്ട ഈ സമയത്തെങ്കിലും മന്ത്രിസ്ഥാനം രാജി വെക്കാന്‍ തോമസ് ചാണ്ടി തയ്യാറാവണം. മന്ത്രിസഭയില്‍ നിന്നും മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top