പത്മാവതിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിനു നേരെ അക്രമം അഴിച്ചു വിട്ട് ‘കര്‍ണി സേന’ (വീഡിയോ)

പ്രതീകാത്മക ചിത്രം

ജയ്പൂര്‍ : സജ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ സിനിമയായ പത്മാവതിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിനുനേരെ രജപുത്ര കര്‍ണിസേന അക്രമം നടത്തി. രാജസ്ഥാനിലെ കോട്ടയിലുള്ള ആകാശ് തിയേറ്ററിലായിരുന്നു പ്രദര്‍ശനം നടത്തിയത്. എന്നാല്‍ ഇവിടേക്ക് എത്തിയ കര്‍ണി സേനക്കാര്‍ തിയേറ്ററിന്റെ ചില്ലുകളും മറ്റും അടിച്ച് തകര്‍ത്ത് ബഹളം വെക്കുകയായിരുന്നു.

കര്‍ണി സേനക്കാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ ക്യമറയില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങളില്‍ അക്രമം ഉണ്ടാക്കുന്നവരെ വ്യക്തമായി മനസിലാകുന്നുണ്ട്. ഇവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കുമെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രിയായ ഗുലാബ് ചന്ദ് കടാരിയ പറഞ്ഞു.

ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഉള്ള അവകാശം ഉണ്ട്. ജനാധിപത്യപരമായ രീതിയിലാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെങ്കില്‍ അതിനെ ആരും എതിര്‍ക്കില്ല. എന്നാല്‍ അക്രമത്തിലൂടെ നിയമം കൈയ്യിലെടുത്താല്‍ അവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

സിനിമ ആദ്യം രജപുത്ര കര്‍ണിക വിഭാഗത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതിനുശേഷം മാത്രമേ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന ആവശ്യവുമായി നേരത്തെ തന്നെ കര്‍ണി സേന രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വികലമാക്കുകയോ രജപുത്ര, ഹിന്ദു സമുദായങ്ങളെ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല എന്നുറപ്പ് വരുത്തിയാല്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും ഇവര്‍ ഇതിനു മുന്‍പ് തന്നെ വ്യക്തമാക്കിയരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top