തോമസ് ചാണ്ടി: ഉചിതമായ തീരുമാനം തക്ക സമയത്തെന്ന് മുഖ്യമന്ത്രി

പിണറായി വിജയന്‍

തിരുവനന്തപുരം: ഹൈക്കോടതി വിധി മന്ത്രി തോമസ് ചാണ്ടിക്കെതിരായ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും മന്ത്രിക്കെതിരേ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഉണ്ടാകുകയും ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

കോഴിക്കോടായിരുന്ന മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിമാനമിറങ്ങിയതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.  തോമസ് ചാണ്ടിക്കെതിരേ ഭൂമി കൈയേറ്റ വിഷയ ആരോപണം ഉയര്‍ന്നതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി വിഷയത്തില്‍ പരസ്യമായി പ്രതികരണം നടത്തുന്നത്.

വിധിയെക്കുറിച്ച് കൃത്യമായി അറിഞ്ഞശേഷം ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷത്തില്‍ എല്ലാവശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് എല്‍ഡിഎഫ് തീരുമാനമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തോമസ് ചാണ്ടിയുടെ പാര്‍ട്ടിയായ എന്‍സിപിയോട് കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. ഹൈക്കോടതിയുടെ വിധി കൂടി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എന്‍സിപിയുടെ യോഗം ഇന്ന് ചേരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്‍സിപിയുടെ തീരുമാനം എന്താണ് എന്ന് നോക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കായല്‍ കൈയേറ്റ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്ക് മന്ത്രിക്ക് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഹര്‍ജി അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ   കോടതി തള്ളിക്കളയുകയായിരുന്നു. ജസ്റ്റിസുമാരായ പിഎന്‍ രവീന്ദ്രന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുകയാണ് തോമസ് ചാണ്ടിക്ക് നല്ലതെന്നും മന്ത്രിയെ അയോഗ്യനാക്കുവാനുള്ള ഉചിതമായ സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ജി അപൂര്‍ണമാണെന്നും വിലയിരുത്തിയ കോടതി അത് തള്ളുകയായിരുന്നു.

മന്ത്രിയുടെ ഹര്‍ജിയിലെ ആദ്യ എതിര്‍കക്ഷി സര്‍ക്കാരാണെന്നും ഒരു മന്ത്രിക്ക് സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് താങ്കള്‍ക്ക് തോന്നിയ തരത്തില്‍ പോകാനാകില്ല. ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങി വന്ന് സാധാരണക്കാരനെ പോലെ നിയമനടപടികള്‍ നേരിടണം. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതിനാലാണ് ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. കോടതി അഭിപ്രായപ്പെട്ടു. മന്ത്രിയായിരിക്കെ മന്ത്രിസഭാ യോഗതീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

രാവിലെ അതിരൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയ കോടതി ഹര്‍ജി പന്‍വലിക്കാന്‍ തോമസ് ചാണ്ടിക്ക് സമയം അനുവദിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖ വ്യക്തമാക്കി. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45 ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് തന്‍ഖ വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും തന്‍ഖ പറഞ്ഞു. ഹര്‍ജി പിന്‍വലിച്ചാല്‍ രാവിലെ നടത്തിയ രൂക്ഷപരാമര്‍ശങ്ങള്‍ പിന്‍വലിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹര്‍ജിയുമായി മുന്നോട്ട് പോകുവാന്‍ തോമസ് ചാണ്ടി തീരുമാനിക്കുകയായിരുന്നു.

ഉച്ചയ്ക്ക് ശേഷം വാദം തുടര്‍ന്നപ്പോഴും രൂക്ഷമായ വിമര്‍ശനങ്ങളാണ് തോമസ് ചാണ്ടിക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പിശകുണ്ടെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. പുതിയ റിപ്പോര്‍ട്ടിലും പഴയ റിപ്പോര്‍ട്ടിലും പിശകുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമയത്താണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ മന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ ഇല്ലെന്ന് സ്റ്റേറ്റ് അറ്റോര്‍ണി അഭിപ്രായപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top