ജഡ്ജിമാര്‍ക്കെതിരായ കോഴ ആരോപണം: ഹര്‍ജി സുപ്രിംകോടതി തള്ളി

സുപ്രിം കോടതി

ദില്ലി: സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതിയിലെ മൂന്നംഗ ബെഞ്ച് തള്ളി.  ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍,  അരുണ്‍ മിശ്ര, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ  ബെഞ്ചാണ് കേസ് പരിഗണിച്ചതും തള്ളിയതും.  ഈ കേസിലെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ അന്വേഷണം നടത്തിയ സിബിഐ എഫ്‌ഐആറിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി കോടതി അലക്ഷ്യമാണെന്ന് കേസ് പരിഗണിക്കവെ ഇന്നലെ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം കോടതിയലക്ഷ്യമാണെന്നും ആരോപണങ്ങള്‍ ജുഡീഷ്യറിയുടെ അന്തസിന് കോട്ടമുണ്ടാക്കിയെന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. നിരുപാധികം ഹര്‍ജി പിന്‍വലിച്ച് പ്രശങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അറ്റോര്‍ണി ജനറലും അഭിപ്രായപ്പെട്ടു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചതോടെ ഇന്ന് വിധി പ്രസ്താവിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മെഡിക്കല്‍ കോളെജിന് പ്രവേശനാനുമതി ലഭിക്കുന്നതിന് സുപ്രിം കോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഒറീസ ഹൈക്കോടതിയിലെ റിട്ടയേഡ് ജഡ്ജി ഐഎം കുടുസ്സിയും മറ്റ് അഞ്ചു പേരും ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സിബിഐ രജിസ്റ്റര്‍ ചെയ്ത കേസാണ് സുപ്രിം കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കും ജഡ്ജിമാരുടെ പരസ്യമായ പോരിലും പ്രത്യേക ബെഞ്ചിന്റെ രൂപീകരണത്തിലും കലാശിച്ചത്.

നേരത്തെ, മെഡിക്കല്‍ കോളെജ് അനുമതിക്കായി സുപ്രിം കോടതി ജഡ്ജിമാര്‍ കോഴ വാങ്ങിയെന്ന സിബിഐ എഫ്‌ഐആറിലെ കണ്ടെത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഇതില്‍ സീനിയര്‍ അഭിഭാഷക കാമിനി ജയ്‌സ്വാള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ ജെ ചെലമേശ്വറും അബ്ദുല്‍ അസീസും അടങ്ങുന്ന ബെഞ്ചും ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് നല്‍കിയ ഹര്‍ജി എകെ സിക്രിയും അശോക് ഭൂഷണും അടങ്ങുന്ന ബെഞ്ചുമാണ് നവംബര്‍ ഒമ്പത്, പത്ത് തീയതികളിലായി പരിഗണിച്ചത്. രണ്ട് ബെഞ്ചുകളും ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസായതിനാല്‍ ബെഞ്ചില്‍ ആരൊക്കെ വേണമെന്ന് ചീഫ് ജസ്റ്റിസ് തന്നെ തീരുമാനിക്കട്ടെയെന്ന പരാമര്‍ശം കൂടി നടത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്.

എന്നാല്‍ ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന്റെയും ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബെഞ്ചിന്റെയും ഉത്തരവുകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നവംബര്‍ പത്തിന് വൈകുന്നേരം റദ്ദാക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിനല്ലാതെ മറ്റൊരു സുപ്രിം കോടതി ജഡ്ജിക്കും ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ അധികാരമില്ലെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ജഡ്ജിമാര്‍ എല്ലാവരും ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ തുടങ്ങിയാല്‍ സുപ്രിം കോടതിക്ക് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് മൂന്നംഗബെഞ്ച് സുപ്രിംകോടതി രൂപീകരിച്ചത്. ഈ ബെഞ്ചാണ് കേസ് ഇന്ന് തള്ളിയക്കളഞ്ഞത്.

മെഡിക്കല്‍ കോളെജ് അനുമതിക്കായി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്ന കേസില്‍ മുന്‍ ചീഫ് ജസ്റ്റിസിന്റെ മേല്‍ നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്നാണ് സുപ്രിം കോടതി പരിഗണിച്ചത്.

ജഡ്ജിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജഡ്ജിമാരുടെ പേരു പറഞ്ഞ് ആരെങ്കിലും വിലപേശിയാല്‍ അതിന് ജഡ്ജിമാര്‍ എങ്ങനെ ഉത്തരവാദികള്‍ ആകുമെന്നും കേസ് പരിഗണിക്കവെ മൂന്നംഗ ബെഞ്ച് ചോദിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top