ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചു

ഗവര്‍ണര്‍ പി സദാശിവം, മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഇന്നലെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ പി സദാശിവം ഓര്‍ഡിനന്‍സ് മടക്കിയിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇന്നലെ വീണ്ടും രാജ്ഭവനില്‍ സമര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുകയായിരുന്നു. ഗവര്‍ണര്‍ ഒപ്പുവച്ചതോടെ ഓര്‍ഡിന്‍സ് പ്രാബല്യത്തിലായി.

1950 ലെ തിരുവിതാംകൂര്‍, കൊച്ചി, ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കുകയായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി നിജപ്പെടുത്തുകയും ബോര്‍ഡ് അംഗങ്ങളാകാന്‍ 60 വയസ് പൂര്‍ത്തിയാകുകയും വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കിയത്. നേരത്തെ സുഭാഷ് വാസുവിനു വേണ്ടി 60 വയസ് എന്നത് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു.  പുതിയ പ്രസിഡന്റും അംഗവും ശബരിമല മണ്ഡലകാലത്തിന് മുമ്പ് ചുമതലയേല്‍ക്കാന്‍ അവസരം നല്‍കുന്നതിനായി അടിയന്തരമായി ഓര്‍ഡിന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്റെയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ്നിയമം ഭേദഗതി ചെയ്യുന്നത്. ഇപ്പോള്‍ പ്രസിഡന്റിന്റെ ഓണറേറിയം അയ്യായിരം രൂപയായും അംഗങ്ങളുടേത് മൂവായിരത്തി അഞ്ഞൂറു രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. സിറ്റിംഗ് ഫീസ് വ്യവസ്ഥ ചെയ്തിട്ടുമില്ല. പത്തുവര്‍ഷം മുമ്പ് നിശ്ചയിച്ച ഓണറേറിയം കാലാനുസൃതമായി പുതുക്കുന്നതിനും സിറ്റിംഗ് ഫീസ് നിശ്ചയിക്കുന്നതിനും ഓര്‍ഡിനന്‍സിന്റെ കരടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഗവര്‍ണര്‍ അംഗീകരിച്ചതോടെ യുഡിഎഫ് നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കാലാവധി അവസാനിച്ചു.  ശബരിമല സീസണ്‍ തുടങ്ങും മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം പൂര്‍ണമായും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ദേവസ്വം ബോര്‍ഡില്‍ സിപിഐഎം നോമിനിയായിരിക്കും പ്രസിഡന്റായി വരിക. സിപിഐക്ക് ആയിരിക്കും മെമ്പര്‍ സ്ഥാനം ലഭിക്കുക.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സിനെതിരേ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലും രംഗത്തുവന്നിരുന്നു. ഏതെങ്കിലും വിധത്തിലുള്ള അഴിമതി ആരോപണമല്ല, മറിച്ച് ഇടത് സര്‍ക്കാര്‍ രാഷ്ട്രീയവൈരാഗ്യം മൂലം ബോര്‍ഡ് പിരിച്ചുവിടുകയാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

എന്നാല്‍ അഴിമതി ബോധ്യമായതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ടതെന്ന് ദേവസ്വംമന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി അഴിമതികള്‍ നടന്നിരുന്ന ബോര്‍ഡായിരുന്നു തിരുവിതാംകൂറെന്നും അത്തരമൊരു ബോര്‍ഡിനെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടതെന്നും മന്ത്രി പറഞ്ഞു. പുറത്തുവന്ന അഴിമതികളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം സെക്രട്ടറി വിഎസ് ജയകുമാറിന്റെ ക്രമക്കേടുകള്‍ അടക്കമുള്ള അഴിമതി സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ജയകുമാറിന്റെ അഴിമതികള്‍ മാധ്യമങ്ങള്‍ തന്നെ പുറത്തുകൊണ്ടുവന്നതാണ്. അതില്‍ അന്വേഷണം നടക്കവെയാണ് ഇത്തരമൊരു അഴിമതിക്കാരനെ ദേവസ്വം കമ്മീഷണറാക്കണം എന്ന നിര്‍ദ്ദേശം പ്രയാറിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് സ്വകാര്യമായി തയ്യാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top