വിഴുപ്പ് അലക്കുന്നവരെ ചുമന്നല്ലേ പറ്റൂ: തോമസ് ചാണ്ടിക്കെതിരെ ജി സുധാകരന്‍

ജി സുധാകരന്‍

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ആരോപണവിധേയനായി നില്‍ക്കുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ രുക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ രംഗത്ത്. രാജി വെക്കണമോ എന്ന് തോമസ് ചാണ്ടി തന്നെ തീരുമാനിക്കണമെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. ഒരു വിഴുപ്പ് ഭാണ്ഡത്തെയാണ് മുന്നണി ചുമക്കുന്നതെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുരുക്ക് മുറുകിയിരിക്കുമ്പോഴും രാജിയില്ലെന്ന ഉറച്ച നിലപാടില്‍ തോമസ് ചാണ്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.

വിഴുപ്പ് അലക്കുന്നവരെ ചുമന്നല്ലേ പറ്റൂ എന്ന് സുധാകരന്‍ പരിഹസിച്ചു. വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ, അലക്കുന്നത് വരെ ചുമന്നല്ലെ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നെയോ മുഖ്യമന്ത്രിയെയോ നിങ്ങള്‍ക്ക് നാറുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി ചോദിച്ചു.

കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്ന തോമസ് ചാണ്ടിയുടെ നിലപാടിനെയും സുധാകരന്‍ വിമര്‍ശിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top