തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യും; പ്രതിരോധത്തിലല്ലെന്ന് എന്‍സിപി

തോമസ്ചാണ്ടി

കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ കുരുക്ക് മുറുകി നില്‍ക്കുന്ന മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണായകദിനം. എന്‍സിപി സംസ്ഥാന നിര്‍വ്വാഹകസമിതി യോഗം കൊച്ചിയില്‍ നടക്കും. കൂടാതെ തോമസ് ചാണ്ടിയുടെ ഭൂവിവാദവുമായി സബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിനെ തോമസ് ചാണ്ടി ചോദ്യം ചെയ്യുന്ന ഹര്‍ജിയും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം, തോമസ് ചാണ്ടി വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. വിഷയം ഇന്ന് ചര്‍ച്ച ചെയ്യില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. പുതിയ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉചിതമാകില്ല എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം പാര്‍ട്ടി മാറ്റിയിരിക്കുന്നത്. എന്നാല്‍ തോമസ് ചാണ്ടി വിഷയത്തില്‍ തങ്ങള്‍ പ്രതിരോധത്തിലല്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

അതിനിടെ തോമസ് ചാണ്ടിയുടെ ഭൂവിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്. ഇതും ചാണ്ടിക്ക് നിര്‍ണായകമാണ്. കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ അന്വേഷണം നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുള്ള തോമസ് ചാണ്ടിയുടെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

തോമസ് ചാണ്ടി ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണ നിയവും റവന്യൂചട്ടങ്ങളും തോമസ് ചാണ്ടി ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കളക്ടറുടെ ഈ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ചാണ്ടി ആവശ്യപ്പെടുന്നത്. ഈ ഹര്‍ജിയില്‍ തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയാണ് ഹാജരാകുന്നത്. ഇത് കോണ്‍ഗ്രസിന് തിരിച്ചടി ആയിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top