ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം: ഹര്‍ജിയുടെ നിയമസാധുതയില്‍ വിധി ഇന്ന്

സുപ്രിം കോടതി

ദില്ലി: സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് വിധി പറയും. സിബിഐ എഫ്‌ഐആറിലെ കണ്ടെത്തലുകള്‍ സംബന്ധിച്ച് വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്നാണ് ആവശ്യം. ഹര്‍ജി കോടതി അലക്ഷ്യമാണെന്ന് കേസ് പരിഗണിക്കവെ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തിലാണ് കോടതി തീരുമാനം. ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍,  അരുണ്‍ മിശ്ര, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് രണ്ട് മണിക്കാണ് വിധി പറയുക.

സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം കോടതിയലക്ഷ്യമാണെന്നും ആരോപണങ്ങള്‍ ജുഡീഷ്യറിയുടെ അന്തസിന് കോട്ടമുണ്ടാക്കിയെന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. നിരുപാധികം ഹര്‍ജി പിന്‍വലിച്ച് പ്രശങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അറ്റോര്‍ണി ജനറലും അഭിപ്രായപ്പെട്ടു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചതോടെ ഇന്ന് വിധി പ്രസ്താവിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

മെഡിക്കല്‍ കോളെജ് അനുമതിക്കായി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്ന കേസില്‍ മുന്‍ ചീഫ് ജസ്റ്റിസിന്റെ മേല്‍ നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്നാണ് സുപ്രിം കോടതി തീരുമാനിക്കുക. ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയ്ക്കിടയാക്കിയ കാമിനി ജയ്‌സ്വാളിന്റെ ഹര്‍ജി ജസ്റ്റിസ് ആര്‍കെ അഗര്‍വാളിനെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്. ഹര്‍ജി അഞ്ചംഗ ബെഞ്ചിന് വിട്ട് ജസ്റ്റിസ് ജെ ചലമേശ്വര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചിന് അധികാരമില്ലെന്നായിരുന്നു ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണിന്റെയും ശാന്തി ഭൂഷണിന്റെയും വാദം.

അതുകൊണ്ട് ഹര്‍ജി ആരോപണ വിധേയരായ ജഡ്ജിമാര്‍ അംഗങ്ങളല്ലാത്ത മറ്റൊരു ഭരണഘടനാ ബെഞ്ചിന് വിടണം. എന്നാല്‍ ചീഫ് ജസ്റ്റിസിനെതിരായ ആരോപണം കോടതിയലക്ഷ്യമാണെന്ന് ബെഞ്ച് ആവര്‍ത്തിച്ച് വ്യക്തമാക്കി. ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ജഡ്ജിമാരുടെ പേരു പറഞ്ഞ് ആരെങ്കിലും വിലപേശിയാല്‍ അതിന് ജഡ്ജിമാര്‍ എങ്ങനെ ഉത്തരവാദികള്‍ ആകും. തെറ്റ് ചെയ്തവര്‍ ഉണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ആരെയും സംരക്ഷിക്കാനല്ല ശ്രമം. അതേസമയം, ഹര്‍ജി അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും ഇടയില്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കിയെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ബോധിപ്പിച്ചു. ഹര്‍ജി നിരുപാധികം പിന്‍വലിച്ച് പ്രശനങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനോട് കോടതി യോജിച്ചെങ്കിലും ഹര്‍ജി പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് ഹര്‍ജിയുടെ നിയമസാധ്യത പരിശോധിച്ച് വിധിപറയാന്‍ കോടതി തീരുമാനിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top