‘മോഹന്‍ലാല്‍ എന്റെ സിനിമകളില്‍ അഭിനയിക്കുന്നതിനോട് ഇനി എനിക്ക് താല്‍പര്യമില്ല; മോഹന്‍ലാലിന് വേണമെങ്കില്‍ വന്ന് അഭിനയിക്കാം’: രൂക്ഷവിമര്‍ശനവുമായി ഡോ.ബിജു

തിരുവനന്തപുരം: തന്റെ പുതിയ സിനിമ സംബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ഡോ:ബിജു. ‘എന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അതു കാണിക്കുന്നത് അന്താരാഷ്ട്ര വേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെയും അറിയില്ല, മമ്മൂട്ടിയേയും അറിയില്ല. അതുകൊണ്ട് അതില്‍ ആര് അഭിനയിക്കുന്നു എന്നത് എന്നെ സംബന്ധിച്ച പ്രശ്‌നമുള്ള കാര്യം അല്ല.’ ഡോ.ബിജു പറഞ്ഞു. കഥ കേട്ട ശേഷം തന്റെ സിനിമയില്‍ അഭിനയിക്കാതെ മോഹന്‍ലാല്‍ പിന്മാറിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു ഡോ.ബിജു. ഇതു സംബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷമായ മറുപടിയാണ് ബിജു നല്‍കിയത്.

ഡോ.ബിജു തന്റെയടുത്ത് കഥ പറയാന്‍ എത്തിയിരുന്നുവെന്നും എന്നാല്‍ കഥ കേള്‍ക്കുന്നതിനിടെ തന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബിജുവിന് കഴിഞ്ഞില്ലെന്നും അതിനാല്‍ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞത് പോലുള്ള തുറന്ന ചര്‍ച്ചകളൊന്നും സിനിമയുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ലെന്നും മറ്റ് തിരക്കുകളിലായിരുന്നതുകൊണ്ട് ഇനീഷ്യല്‍ ഡിസ്‌കഷന്‍ മാത്രമാണ് നടത്തിയതെന്നും ബിജു പ്രതികരിച്ചു. മോഹന്‍ലാലിനെ ഇനി തന്റെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കാന്‍ വലിയ താല്‍പര്യമൊന്നുമില്ലെന്നും എന്നാല്‍ മോഹന്‍ലാലിന് വേണമെങ്കില്‍ തന്റെ ചിത്രങ്ങളില്‍ അഭിനയിക്കാമെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

‘എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല. അതദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോമോ. അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല’. എന്നായിരുന്നു ഡോ.ബിജുവിന്റെ സിനിമ സംബന്ധിച്ച് മോഹന്‍ലാലിന്റെ പ്രതികരണം.

അതേസമയം തന്റെ സിനിമകളില്‍ ആര് അഭിനയിക്കുന്നു എന്നത് വിഷയമല്ലെന്നും അത് കാണിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണെന്നും സിനിമയുടെ ക്ലാളിറ്റി മാത്രമാണ് വിഷയമെന്നും ബിജു മറുപടി നല്‍കി. അന്താരാഷ്ട്ര വേദികളില്‍ ആര്‍ക്കും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അറിയില്ല’. ബിജു കൂട്ടിച്ചേര്‍ത്തു. ബിജുവിന്റെ സിനിമകളില്‍ അഭിനയിച്ചില്ല എന്നുവെച്ച് തനിക്കൊന്നും സംഭവിച്ചില്ല, അഭിനയിച്ചാലും പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല എന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിന് മോഹന്‍ലാല്‍ അഭിനയിച്ചാല്‍ കേരളത്തില്‍ ഒരു മൈലേജ് ഉണ്ടാക്കാമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നായിരുന്നു ബിജുവിന്റെ മറുപടി.

ഏറ്റവുമൊടുവില്‍ ഇനിയൊരു സ്‌ക്രിപ്റ്റുമായി മോഹന്‍ലാലിനെ സമീപിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് വലിയ താല്‍പര്യമൊന്നുമില്ല എന്നാല്‍ മോഹന്‍ലാലിന് വേണമെങ്കില്‍ തന്റെ സിനിമകളില്‍ അഭിനയിക്കാം എന്ന് ഡോ.ബിജു മറുപടി നല്‍കി.

ബിജുവിന്റെ പ്രതികരണം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. തങ്ങളുടെ പ്രിയതാരത്തെക്കുറിച്ച് ബിജു നടത്തിയ പരാമര്‍ശം മോഹന്‍ലാാല്‍ ഫാന്‍സിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. മോഹന്‍ലാലിനെ അന്താരാഷ്ട്രവേദികളില്‍ ആര്‍ക്കുമറിയില്ലെന്നത് സത്യമായിരിക്കാം എന്നാല്‍ ഡോ.ബിജുവിനെ സ്വന്തം പഞ്ചായത്തിലുള്ളവര്‍ക്ക് കൂടി അറിയില്ലെന്നായിരുന്നു ആരാധകരില്‍ ചിലരുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ബിജുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് നടക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top