ചാണ്ടിയുടെ വൈകിപ്പിക്കല്‍ തന്ത്രം വിജയിക്കുമോ? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

തോമസ് ചാണ്ടി

ഭൂമി കൈയേറ്റ വിഷയത്തില്‍ ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് എന്‍സിപി നേതൃത്വം. തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിക്കാര്യം നാളെ നടക്കുന്ന എന്‍സിപി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. നാളത്തെ എന്‍സിപിയുടെ യോഗം ഒരു മാസം മുന്‍പേ തന്നെ നിശ്ചയിച്ചതാണെന്നും ഇത് സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. യോഗത്തില്‍ മന്ത്രിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യില്ല.

രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന അന്ത്യശാസനം എല്‍ഡിഎഫ് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ മന്ത്രിയുടെ രാജിക്കാര്യത്തില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുകയെന്നും അറിയിച്ചു. ഹൈക്കോടതി വിധി വരുന്നത് വരെ കാക്കണമെന്ന നിലപാടാണ് എന്‍സിപി ഇപ്പോഴും ഉന്നയിക്കുന്നത്. മാത്രവുമല്ല, കേന്ദ്രനേതൃത്വത്തോട് സംസാരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും എന്‍സിപി ആവശ്യമുന്നയിക്കുന്നുണ്ട്. നാളെ തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന നിര്‍ണായക ഇടതുമുന്നണി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. കുരുക്ക് മുറുകിയ സാഹചര്യത്തില്‍ തോമസ് ഉടന്‍ രാജിവെക്കണമെന്ന പൊതുവികാരമാണ് മുന്നണി യോഗത്തില്‍ ഉയര്‍ന്നത്. എന്നാല്‍ രാജിയില്ലെന്ന നിലപാട് എന്‍സിപി ആവര്‍ത്തിക്കുകയായിരുന്നു. രാജിക്കാര്യത്തില്‍ തോമസ് ചാണ്ടിയുടെ വൈകിപ്പിക്കല്‍ തന്ത്രം വിജയിക്കുമോ എന്നാണ് ന്യൂസ് നൈറ്റ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top