ആരുടെയും തടവിലല്ല; രാജ്യത്ത് മടങ്ങിയെത്തി നിയമാനുസൃതം രാജിവയ്ക്കുമെന്ന് ലെബനീസ് പ്രധാനമന്ത്രി

സാദ് ഹരിരി

ബെയ്‌റൂട്ട്: സൗദി സന്ദര്‍ശനത്തിനിടെ അപ്രതീക്ഷിതമായി രാജിവെച്ച ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരിരി തിരികെ രാജ്യത്തേക്ക് മടങ്ങുന്നു. താന്‍ സൗദി അറേബ്യയില്‍ തടവിലാണെന്ന വാര്‍ത്ത ഹരിരി നിഷേധിച്ചു. ആരുടെയും തടവിലല്ല താനെന്നും ലെബനിലേക്ക് ഉടന്‍ മടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് ഫ്യൂച്ചര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സാദ് ഹരിരി വ്യക്തമാക്കിയത്. എന്നാല്‍ രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും രാജ്യത്ത് തിരിച്ചെത്തി നിയമാനുസൃതമായി രാജിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

നവംബര്‍ നാലിനാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് സാദ് ഹരിരിയുടെ രാജിപ്രഖ്യാപനമുണ്ടായത്. സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ലെബനന്‍ പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഹരിരി രാജിവച്ചതാണെന്നും സൗദി അറേബ്യ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഷിയ ഗ്രൂപ്പായ ഹിസ്ബുള്ളയില്‍ നിന്നുള്ള ഭീഷണിയെ ഭയന്നാണ് ഹരിരി രാജ്യം വിട്ടതെന്ന പ്രചരണമുണ്ടായിരുന്നു. ഹരിരി സൗദിയില്‍ തടവിലാക്കപ്പെട്ടു എന്ന പ്രചരണം നടത്തിയത് ഹിസബുള്ളയായിരുന്നു. ലെബനനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുന്ന സാഹചര്യം വരെയെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വാര്‍ത്തകളോട് പ്രതികരിച്ച് ഹരിരിയുടെ പ്രസ്താവന വന്നത്. സൗദി അറേബ്യയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് ഹരിരി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top