ബ്രസീല്‍-ഇംഗ്ലണ്ട് ‘ക്ലാസിക് സൗഹൃദം’ നാളെ വെംബ്ലിയില്‍

വെംബ്ലി: ലോകം കാത്തിരിക്കുന്ന ബ്രസീല്‍-ഇംഗ്ലണ്ട് ക്ലാസിക്ക് സൗഹൃദമത്സരം നാളെ വെംബ്ലിയില്‍ നടക്കും. ലോകകപ്പിന് ഏതാനും മാസം മാത്രം ശേഷിക്കേ കിരീടസാധ്യതയുള്ള രണ്ടു ടീമുകള്‍ ഏറ്റുമുട്ടുന്നു എന്നത് വലിയ അക്കാദമിക്ക് താത്പര്യവും സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടയില്‍ ഇരു ടീമുകളും ആറുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നു മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു. മറ്റു മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണം ബ്രസീല്‍ ജയിച്ചപ്പോള്‍ ഒന്നില്‍ ഇംഗ്ലണ്ടിനായിരുന്നു വിജയം. 2013-ന് ശേഷം ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.

രണ്ടായിരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 1-1-ന് സമനിലയായിരുന്നു ഫലം. 2002-ലെ ലോകകപ്പില്‍ മുഖാമുഖം വന്നപ്പോള്‍ 2-1-ന് മത്സരം ബ്രസീല്‍ വിജയിച്ചു. അടുത്തപോരാട്ടം രണ്ടായിരത്തി ഏഴിലായിരുന്നു അന്ന് മത്സരം 1-1-ന് സമനിലയില്‍ അവസാനിച്ചു. 2009-ല്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ 2-1-ന് വിജയം ബ്രസീലിനായിരുന്നു. 2013-ല്‍ ഇരുടീമുകളും രണ്ടുവണ ഏറ്റുമുട്ടി. ആദ്യമത്സരം 2-1-ന് ഇംഗ്ലണ്ട് വിജയിച്ചു. രണ്ടാം മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനിലയില്‍ പരിയുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്നു സൗഹൃദമത്സരത്തില്‍ ലോകജേതാക്കളായ ജര്‍മനിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച ശേഷമാണ് ഇംഗ്ലണ്ട് ബ്രസീലിനെതിരെ ഇറങ്ങുന്നത്. ബ്രസീലാകട്ടെ ജപ്പാനെ 3-1-ന് തകര്‍ത്ത ശേഷവും. 1970-ലേയും 1982-ലേയും എണ്‍പത്തിയാറിലേയും ദേശീയ ടീമുകളെ അനുസ്മരിപ്പിക്കും വിധം ഏറ്റവും മികച്ച ടീമാണ് ബ്രസീലിന്റേത്. 2018-ലെ റഷ്യന്‍ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണത്. ലോകകപ്പ് യോഗ്യാതാ മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു അവരുടേത്.

നെയ്മര്‍, പൗളീഞ്ഞോ, കുട്ടീനോ, മാഴ്‌സലോ, വില്യന്‍, ഡാനി ആല്‍വസ്, കാസിമറോ, മിറണ്ട, ഡാനിയേലോ, ഫെര്‍ണാണ്ടീഞ്ഞോ, ഗബ്രിയേല്‍ ജീസസ് എന്നീ താരങ്ങളെല്ലാം വെംബ്ലിയില്‍ അണിനിരക്കുന്നുണ്ട്. ആര്‍ക്കും കാര്യമായ പരുക്കുകളോ പ്രശ്‌നങ്ങളോ ഇല്ല. തികഞ്ഞ ആത്മവിശ്വസത്തിലാണ് പരിശീലകനും കളിക്കാരും. സൗഹൃദമത്സരമാണെങ്കിലും ബ്രസീലിന് വിജയം അനിവാര്യമാണെന്ന് പരിശീലകന്‍ ടിറ്റി പറയുന്നതില്‍ നിന്നു തന്നെ മത്സരത്തിന്റെ ചൂടെന്തായിരിക്കുമെന്ന് ഊഹിക്കാം.

ഇംഗ്ലണ്ടിന്റെ കാര്യവും ഇതില്‍ നിന്നു ഭിന്നമല്ല. ലോകകപ്പിന് മുമ്പ് ബ്രസീലിനെതിരെ മികച്ചൊരു വിജയം. അതുനല്‍കുന്ന ഊര്‍ജ്ജം ചെറുതല്ലെന്ന് അവര്‍ക്കറിയാം. മത്സരത്തിന് അവര്‍ നല്‍കുന്ന പ്രാധാന്യവും അതുതന്നെ. പക്ഷേ മികച്ച കളിക്കാരുടെ പരുക്ക് അവരെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഒന്നാം ഗോള്‍കീപ്പറായ ജാക്ക് ബര്‍ട്ട്‌ലന്റ്, ഡിഫന്‍സിലെ ഫില്‍ജോണ്‍സ് എന്നിവരുടെ പരുക്കാണ് ഇംഗ്ലണ്ടിന്റെ തലവേദന. ജാക്ക് ബര്‍ട്ട്‌ലന്റിന് പകരം മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പറായ അംഗ്തഗണ്‍ വരും. ഫില്‍ജോണ്‍സിന് പകരം ചെല്‍സിയുടെ ഗാരി കാഹിലായിരിക്കും ടീമിലിടം നേടുക. ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ 21-വയസിന് താഴെയുള്ളവരുടെ ടീമില്‍ നിന്ന് ഡൊമനിക് സോളങ്കേ, ലീവിന്‍ കുക്ക് എന്നിവരും ടീമിലെത്തിയേക്കും. ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ ഫോമില്‍ ബ്രസീലിന് മത്സരം അനായാസമായിരിക്കില്ല. ഇന്ത്യയില്‍ മത്സരത്തിന്റെ സംപ്രേക്ഷണമില്ല എന്നത് ഇരുടീമുകളുടേയും ആരാധകര്‍ക്ക് നിരാശയുണ്ടാക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top