ചെളിക്കുണ്ടില്‍ മുങ്ങിനില്‍ക്കല്‍, മണല്‍ ഖനനം എതിര്‍ത്തതിന് ദലിത് യുവാക്കള്‍ക്ക് ബിജെപി നേതാവ് വിധിച്ച ശിക്ഷ ( വീഡിയോ)

ഹൈദരാബാദ്: മണല്‍ ഖനനത്തിന് എതിരായി ശബ്ദമുയര്‍ത്തിയ ദലിത് യുവാക്കളെ പ്രാകൃതമായി ശിക്ഷിച്ച് ബിജെപി നേതാവ്. തെലുങ്കാനയിലെ ബിജെപി നേതാവ് ഭരത് റെഡ്ഡിയാണ് യുവാക്കളെ ശിക്ഷിച്ചത്. ഇവര്‍ തന്നെ ഇതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.

കയ്യില്‍ ഒരു വടിയുമായാണ് ബിജെപി നേതാവിന്റ പ്രകടനം. രണ്ട് യുവാക്കളെ ഭീഷണിപ്പെടുത്തി ചെളിവെള്ളത്തിലേക്ക് ഇറക്കുന്ന ഇയാള്‍ അവരോട് മുങ്ങിനില്‍ക്കാന്‍ ആവശ്യപ്പെടുന്നു. വടി താഴെയിട്ടശേഷം വീണ്ടും വടിയെടുത്ത് മുങ്ങിനില്‍ക്കാനാവശ്യപ്പെടുന്നു. ഗൂണ്ടാ സംഘത്തിന്റെ അകമ്പടിയോടെയാണ് ബിജെപി നേതാവ് ദലിത് യുവാക്കളെ വിരട്ടുന്നത്.

ചെളിവെള്ളത്തില്‍ മുങ്ങുന്ന യുവാക്കളുടെ വീഡിയോ ഇയാള്‍ തന്നെ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. കാലില്‍ വീണ് ഇരന്നിട്ടും യുവാക്കളെ വെറുതെ വിടാന്‍ ഇയാള്‍ തയാറാകുന്നില്ല. എന്നാല്‍ വീഡിയോ പ്രചരിച്ചതിനേത്തുടര്‍ന്ന് ശിക്ഷ ലഭിച്ച രണ്ട് യുവാക്കളേയും ഗ്രാമത്തില്‍നിന്ന് കാണാതായി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കാനയിലെ അവന്തിപ്പട്ടണം എന്ന ഗ്രാമത്തിലെ ലക്ഷ്മണ്‍, ഹഗ്ഗദാഹ് എന്നീ യുവാക്കള്‍ക്കാണ് ഈ ദുരവസ്ഥ പേറേണ്ടിവന്നത്.

ബിജെപി നേതാവ് ഭരത് റെഡ്ഡി നേരത്തെയും ഗൂണ്ടാ വിളയാട്ടങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ ആളാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷയും അനുഭവിക്കുകയുണ്ടായി. ഇത്ര കഠിനമായ ദളിത് വിദ്വേഷം പേറുന്ന ബിജെപി നേതാവിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

ഇയാള്‍ക്കെതിരെ ദലിത് പീഡനത്തിന് കേസെടുക്കണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ മിസ്ഡ് കോള്‍ അടിച്ചാണ് തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്നാരോപിച്ച് ബിജെപി സംഭവത്തില്‍നിന്ന് തലയൂരാനുള്ള വ്യഗ്രതയിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top