വ്യാജരേഖ ചമച്ചു, ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കി

ജോയ്സ് ജോര്‍ജ് എംപി

ഇടുക്കി: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും ആറ് കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കി. വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ എംപി കൈവശം വെച്ചിരുന്ന ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ്കളക്ടര്‍ റദ്ദാക്കിയിരിക്കുന്നത്. എംപി കൈവശം വെച്ചിരിക്കുന്ന ഭൂമി തരിശുഭൂമിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സബ്കളക്ടറുടെ നടപടി.

സര്‍ക്കാരിന്റെ തരിശുഭൂമി വ്യാജരേഖ ചമച്ച് കൈയേറിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൊട്ടക്കാമ്പൂര്‍ വില്ലേജിലുള്ള 24 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയിരിക്കുന്നത്. ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചു, ഒരുദിവസം കൊണ്ട് പട്ടയങ്ങള്‍ നല്‍കി എന്നീകാര്യങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും ഭാര്യ അനൂപയുടെയും പേരില്‍ എട്ട് ഏക്കര്‍ ഭൂമിയാണ് കൊട്ടക്കാമ്പൂരിലുള്ളത്. ഇക്കാര്യം ജോയ്‌സ് ജോര്‍ജ് 2013ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ചേര്‍ത്തിരുന്നു. ജോയ്‌സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടില്‍ ജോര്‍ജ് തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

വ്യാജ രേഖകളിലൂടെയാണ് ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും എട്ടേക്കര്‍ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടര്‍ന്ന് ഇതു പരിശോധിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഉത്തരവിട്ടത്. 2015 ജനുവരി ഏഴിനാണു ഭൂമി തട്ടിപ്പിന്റെ പേരില്‍ ജോയ്‌സ് ജോര്‍ജ് എംപിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top