സൂപ്പര്‍ താരം സുനില്‍ ഛേത്രിക്ക് മാംഗല്യം; വധു സോനം ഭട്ടാചാര്യ

സോനം ഭട്ടാചാര്യ, സുനില്‍ ഛേത്രി
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റേയും സൂപ്പര്‍ലീഗിലെ നവസാന്നിധ്യമായ ബംഗളുരു എഫ്സിയുടേയും നായകനും രാജ്യത്തിന്റെ അഭിമാനതാരവുമായ സുനില്‍ ഛേത്രിയ്ക്ക് മാംഗല്യം. മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യകണ്ട മികച്ച ഡിഫന്റര്‍മാരില്‍ ഒരാളുമായ സുബ്രതോ ഭട്ടാചാര്യയുടെ മകള്‍ സോനം ഭട്ടാചാര്യയാണ് വധു. ഡിസംബര്‍ നാലിന് കൊല്‍ക്കത്തയിലാണ് വിവാഹച്ചടങ്ങുകള്‍. ഡിസംബര്‍ ഇരുപത്തിനാലിന് ബംഗളുരുവില്‍ വിപുലമായ സുഹൃത്ത് സത്ക്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ആര്‍മിയിലെ ഇലക്ട്രോണിക്സ് ആന്റ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ കെബി ഛേത്രിയുടേയും സുശീലാ ഛേത്രിയുടേയും മകനാണ് നേപ്പാളി വംശജനായ സുനില്‍ ഛേത്രി. പിതാവ് ഇന്ത്യന്‍ ആര്‍മി ഫുട്ബോള്‍ ടീമിലെ കളിക്കാരനായിരുന്നു. അമ്മ സുശീലാ ഛേത്രിയും ഇരട്ട സഹോദരിമാരും നേപ്പാള്‍ ദേശീയ ഫുട്ബോള്‍ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.

ഗാങ്കോക്ക് ബഹായി സ്കൂളിലും കൊല്‍ക്കത്ത ലയോളയിലും ദില്ലിയിലെ ആര്‍മി പബ്ലിക് സ്കൂളുകളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഛേത്രി കോളെജ് വിദ്യാഭ്യാസത്തിനായി കൊല്‍ക്കൊത്തയിലെ അശുതോഷ് കോളജെില് ചേര്‍ന്നെങ്കിലും കളിയുടെ തിരിക്കില്‍ കോളജെ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല.
സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെത്തന്നെ കളിയില്‍ പ്രശസ്തനായിക്കഴിഞ്ഞ ഛേത്രി 2002-ല്‍ മോഹന്‍ ബാഗാനിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് വരുന്നത്. തുടര്‍ന്ന് ജെസിടി മില്‍സ്, ഈസ്റ്റ് ബംഗാള്‍, ഡെംപോ, സ്പോര്‍ട്ടിംഗ് ഗോവ എന്നീ ടീമുകള്‍ക്കും കളിച്ചു. 2012-ല്‍ പോര്‍ച്ചുഗലിലെ സ്പോര്‍ട്ടിംഗ് ഡി പോര്‍ച്ചുഗലില്‍ ചേര്‍ന്നു. അവരുടെ റിസര്‍വ് ടീമില്‍ കളിക്കാന്‍ അവരം ലഭിക്കുകയും ചെയ്തു. 2013-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി ബംഗളുരു എഫ്സിയില്‍ ചേര്‍ന്നു. ഇപ്പോള്‍ അവരുടെ നായകനാണ്. ഇതിനിടയില്‍ മുംബൈ എഫ്സിയ്ക്കുവേണ്ടി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും കളിച്ചു.
ഇന്ത്യക്കുവേണ്ടി 96 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഛേത്രി 55 ഗോളും നേടിയിട്ടുണ്ട്. രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരും ഗോള്‍ നേടിയ താരവും ഛേത്രിതന്നെ. 2007, 2011, 13, 14 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തതും ചേത്രിയെയായിരുന്നു. 2007, 2009, 2012-വര്‍ഷങ്ങളില്‍ ഇന്ത്യക്ക് നെഹ്റുകപ്പ് നേടിക്കൊടുക്കുന്നതിലും ഛേത്രിയുടെ പങ്ക് വലുതായിരുന്നു. 2008-ലെ എഎഫ്സി കപ്പില്‍ ഇന്ത്യയെ ജേതാക്കളായതും ഛേത്രിയുടെ മികവില്ത്തന്നെ. ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും തിളക്കമുള്ള താരമാണ് ഛേത്രി.
2009-ല്‍ ഡെംപോ ഗോവ, 2012-ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്, 2013, 15 വര്‍ഷങ്ങളില്‍ ബംഗളുരു എഫ്സി എന്നിവര്‍ക്ക് ഐ ലീഗ് കിരീടം നേടിക്കൊടുത്തിട്ടുണ്ട്. 2011-ല്‍ അര്‍ജ്ജുന അവാര്‍ഡ് നല്കി രാജ്യം ആദരിച്ചു. 2008-ല്‍ എഎഫ്സി കപ്പില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുപ്പെട്ടു. 2011-ലെ സാഫ് ഫുട്ബോളിലും മികച്ച കളിക്കാരന് ഛേത്രിയായിരുന്നു.
സോനം ഭട്ടാചാര്യയുമായുള്ള ദീര്‍ഘകാലത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തില്‍ എത്തിയിരിക്കുന്നത്. സ്കോട്ട്ലന്റില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദം നേടിയ സോനം ഭട്ടാചാര്യ സാള്‍ട്ട് ലേക്കില്‍ രണ്ട് സ്റ്റാര്ഹോട്ടലുകളുടെ ഉടമയും നടത്തിപ്പുകാരിയുമാണ്. ഛേത്രിയുടെ സൗമ്യഭാവവും സ്വന്തം പ്രൊഫഷനോട് അദ്ദേഹം കാണിക്കുന്ന തികഞ്ഞ ആത്മാര്ഥതയുമാണ് തന്നെ ഛേത്രിയിലേക്ക് അടുപ്പിച്ചതെന്ന് സോന പറയുന്നു. അത്ര ആകര്‍ഷകമാണ് ഛേത്രിയുടെ വ്യക്തിത്വം.
സോനയുടെ പിതാവ് സുബ്രതോ ഭട്ടാചാര്യ മോഹന്‍ ബഗാന്റെ പ്രതിരോധത്തില്‍ പതിനേഴുവര്‍ഷം തുടര്‍ച്ചയായി കളിച്ച കളിക്കാരനാണ്. ഛേത്രിയെപ്പോലെ ഇന്ത്യന്‍ ടീമിനേയും പലവട്ടം നയിച്ചു. സാക്ഷാല്‍ പെലെയ്ക്കെതിരെ കളിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. 1977-ല്‍ പെലെ അംഗമായിരുന്ന അമേരിക്കയിലെ കോസ്മോസ് ടീം കൊല്‍ക്കത്തയില്‍ ബഗാനെതിരെ കളിക്കാന്‍ എത്തിയപ്പോള്‍ സുബ്രതോ ഭട്ടാചാര്യയായിരുന്നു കൊല്‍ക്കത്ത ടീമിന്റെ നായകന്. ഛേത്രിയെപ്പോലെ അര്‍ജ്ജുന അവാര്‍ഡും (1989) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഛേത്രിയെക്കുറിച്ച് സോനയുടെ അഭിപ്രായം തന്നെയാണ് സുബ്രതോ ഭട്ടാചാര്യക്കുമുള്ളത്.” 2003-ലാണ് ഛേത്രിയെ താന്‍ ആദ്യമായി കാണുന്നത്. ബഗാനില്‍ തന്റെ സഹകളിക്കാരനും മലയാളിയുമായ സേവ്യര്‍ പയസിന്റെ കളിയോടായിരുന്നു ഛേത്രിയുടെ കളിക്ക് സാമ്യം. പയസിന്റെ കളിയോടുള്ള ഇഷ്ടമായിരിക്കണം ഒരു പക്ഷേ ഛേത്രിയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രേരണ നല്കിയിരിക്കുക. കളിയിലെ മിടുക്കും സമര്‍പ്പണവും അന്നേ ശ്രദ്ധിച്ചു. ഇപ്പോള്‍ അയാള്‍ നേരിട്ടുവന്നാണ് വിവാഹോലോചന നടത്തിയത്. ആ ആര്‍ജ്ജവവും ഇഷ്ടപ്പെട്ടു. അതാണ് എല്ലാ പരിഗണനകള്‍ക്കും അപ്പുറത്ത് വിവാഹത്തിന് സമ്മതം നല്കാന് കാരണമായതും”.
സൂപ്പര്‍ ലീഗിന്റെ തിരക്കിനിടയിലാണ് ഛേത്രിയുടെ വിവാഹവും അനുബന്ധ ആഘോഷങ്ങളും. സൂപ്പര്‍ ലീഗില്‍ ഛേത്രി നായകനായ ബംഗളുരു എഫ്സിയുടെ ആദ്യമത്സരം നവംബര്‍ 19-ന് മുംബൈ എഫ്സിയുമായാണ്. ഏഴു ദിവസങ്ങള്‍ക്കു ശേഷം ദില്ലിയില്‍ ഡൈനോമോസുമായി രണ്ടാം മത്സരവും നടക്കും. വിവാഹം സൂപ്പര്‍ലീഗിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഫുട്ബോള്‍ ഭാഷയില്‍ തന്നെ ഛേത്രിയുടെ മറുപടിയുണ്ട്. ‘മികച്ച ഡിഫന്റര്‍മാരെ വേഗത്തില്‍ ഡ്രിബിള്‍ ചെയ്തു കടക്കുമ്പോലെ ലീഗിന്റെ ഫിക്സ്ചറിനേയും കടന്നുപോകും’.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക