സ്വദേശിവല്‍ക്കരണം ലംഘിച്ച രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്ക് 18 ലക്ഷം റിയാല്‍ പിഴ ചുമത്തി സൗദി

പ്രതീകാത്മക ചിത്രം

സ്വദേശിവല്‍ക്കരണം ലംഘിച്ച രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്ക് 18 ലക്ഷം റിയാല്‍ പിഴ ചുമത്തിയതായി സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആറ് നിയമ ലംഘനങ്ങള്‍ സ്‌കൂളുകളില്‍ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ആശ്രിത വിസയിലുള്ള വിദേശികളെ ജോലിക്ക് നിയമിക്കുകയും ജീവനക്കാര്‍ക്ക് ശമ്പള വിതരണം വൈകിയതുമാണ് സ്‌കൂളുകള്‍ക്കെതിരെ പിഴ ശിക്ഷ വിധിക്കാന്‍ കാരണമെന്ന് തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

സ്വദേശി വനിതകള്‍ക്ക് നിജപ്പെടുത്തിയ തസ്തികകളില്‍ വിവിധ രാജ്യക്കാരായ 75 വനിതകള്‍ രണ്ട് സ്‌കൂളുകളിലുമായി ജോലി ചെയ്തിരുന്നു. മന്ത്രാലയം നടത്തിയ പരിശോധനയില്‍ ഇത് ശരിയാണെന്ന് കണ്ടെത്തി. 32 സ്വദേശി ജീവനക്കാരുടെ വേതനം വൈകിയാണ് വിതരണം ചെയ്തതെന്നും പരിശോധനയില്‍ തെളിഞ്ഞു. സ്വദേശിവല്‍ക്കരണവും തൊഴില്‍ നിയമവും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സ്വകാര്യ വിദ്യാലയ ങ്ങളില്‍ പരിശോധന തുടരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സ്വകാര്യ സ്‌കൂളുകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി ശക്തമാക്കും. തന്ത്രപ്രധാന മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുകയാണ് ലക്ഷ്യം. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ നിയമ ലംഘനങ്ങള്‍ അറിയിക്കണമെന്നും വിവരം നല്‍കുന്നവര്‍ക്ക് പിഴ ശിക്ഷയുടെ നിശ്ചിത ശതമാനം പാരിതോഷികം നല്‍കുമെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top