അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി സൗദി; 1200 കോടീശ്വരന്മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

പ്രതീകാത്മക ചിത്രം

അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി സൗദി ഭരണകൂടം. ഇതിന്റെ ഭാഗമായി മൂന്നു ദിവസത്തിനിടെ 1,200 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മന്ത്രിമാരെയും രാജ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

അഴിമതി വിരുദ്ധ പോരാട്ടം ശക്തമായി തുടരുമെന്ന സന്ദേശമാണ് ദേശീയ അഴിമതി വിരുദ്ധ സുപ്രീം കമ്മറ്റിയുടെ നടപടികള്‍. അഴിമതി കേസുകളില്‍ അറസ്റ്റിലായ രാജകുടുംബാംഗങ്ങളുടെയും മന്ത്രിമാരുടെയും വ്യവസായികളുടെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അറസ്റ്റിലായവരുടെ ഉടമസ്ഥതയിലുളള കമ്പനികളുടെ അക്കൗണ്ടുകളും മരവിപ്പിച്ചു.

അഴിമതിയില്‍ പങ്കുണ്ടെന്ന് സംശയമുളള നിരവധിയാളുകളുടെ അക്കൗണ്ടുകളും മരവിപ്പിച്ചവയില്‍ ഉള്‍പ്പെടും. ഇനിയും മരവിപ്പിക്കേണ്ട അക്കൗണ്ട് ഉടമകളുടെ വിശദാംശം കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ശതകോടീശ്വരനും അന്താരാഷ്ട്ര വ്യവസായ പ്രമുഖനുമായ അല്‍ വലീദ് ബിന്‍ തലാല്‍, സൗദിയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ അല്‍ ത്വയ്യാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ നാസിര്‍ ബിന്‍ അഖീല്‍ അല്‍ ത്വയ്യാര്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top