സെല്‍ഫി ദുരന്തം തുടരുന്നു; ഒഡീഷയില്‍ പുഴയില്‍ വീണ് രണ്ട് യുവതികള്‍ മരിച്ചു

പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പുഴയില്‍ വീണ് ഒഡീഷയില്‍ രണ്ട് വനിതാ സഞ്ചാരികള്‍ മരിച്ചു. രായഗഡ ജില്ലയിലെ നാഗവലി പുഴയിലാണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശികളായ ഇ ജ്യോതി(27), എസ് ശ്രീദേവി(23) എന്നിവരാണ് മരിച്ചത്.

രായഗഡയിലെ നാഗവലി പാലത്തില്‍ ഇന്നലെയായിരുന്നു ജ്യോതിയും ശ്രീദേവിയും ഉള്‍പ്പെടെ ഒമ്പതംഗ സംഘം സന്ദര്‍ശനത്തിനെത്തിയത്. പാലത്തില്‍ നിന്ന് ഫോട്ടോയെടുത്ത ഇവര്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കുന്നതിനായി പുഴയിലേക്കിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപ്പോഴാണ് അപകടം സംഭവിച്ചത്. വിനോദ സംഘത്തിലെ മറ്റുള്ളവരാണ് പൊലീസിനെ വിവരമറിയിച്ചത്. നാട്ടുകാരും സുരക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോള്‍ പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു.

സെല്‍ഫി ഭ്രമത്തില്‍ നിരവധി പേരുടെ മരണമാണ് അടുത്തിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിനിന് മുന്നില്‍ നിന്ന് ചിത്രം പകര്‍ത്തുന്നതിനിടെയും സെല്‍ഫി എടുക്കുന്നതിനിടെ ബോട്ട് മറിഞ്ഞും കാല്‍വഴുതി വീണുമെല്ലാം ആളുകള്‍ മരണപ്പെട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top