ജിഎസ്ടിയില്‍ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് കേന്ദ്രറവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ

റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ

ദില്ലി: ജിഎസ്ടിയില്‍ പൊളിച്ചെഴുത്ത് വേണമെന്ന് കേന്ദ്രറവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ. ചെറുകിട കച്ചവടക്കാരുടെ ഭാരം കുറയ്ക്കാന്‍ നികുതി നിരക്കില്‍ മാറ്റം വരുത്തേണ്ടിവരുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘ചരക്ക് സേവന നികുതി സമ്പ്രദായം സ്ഥിരതയാര്‍ജ്ജിക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരും. മൂല്യവര്‍ധിത നികുതി സമ്പ്രദായം( വാറ്റ്) നടപ്പിലാക്കിയപ്പോഴും ഇവിടെ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ജനങ്ങള്‍ തെരുവിലിറങ്ങി, കാരണം അവര്‍ക്കതിനെപ്പറ്റി ധാരണയില്ലായിരുന്നു. ഒരു പക്ഷെ ഇന്നത്തെക്കാളേറെ അന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു,’ ഹസ്മുഖ് ചൂണ്ടിക്കാട്ടി.

സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമുള്ള നികുതി ഭാരം ലഘൂകരിക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ ആലോചിക്കുന്നത്. ഇതിനായി നികുതി കുറക്കേണ്ട ഇനങ്ങള്‍ പരിശോധിച്ചുവരികയാണ്. അതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. നവംബര്‍ പത്തിന് ഗുവഹട്ടിയില്‍ വെച്ചുനടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി പരിഷ്‌കരണങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പെട്ടെന്നുതന്നെ ഇക്കാര്യത്തില്‍ ഞങ്ങള്‍ തീരുമാനം കൈക്കൊള്ളും. പക്ഷെ അതിനെത്ര സമയമെടുക്കുമെന്ന് പറയാന്‍ സാധിക്കില്ല. ശുപാര്‍ശ കമ്മിറ്റിക്ക് രേഖകള്‍ പരിശോധിക്കേണ്ടതുണ്ട്. റവന്യൂ നഷ്ടം കണക്കാക്കണം. മൊത്തത്തിലുള്ള തിരുത്തലുകള്‍ ആവശ്യമാണ്.’ വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ജിഎസ്ടി നടപ്പിലാക്കിയതെന്ന ആരോപണമുയരുന്നതിനിടെയാണ് റവന്യൂ സെക്രട്ടറിയുടെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top