ഏഷ്യാകപ്പ് ഹോക്കി: പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഇന്ത്യ-പാക് മത്സരത്തില്‍ നിന്ന്

ധാക്ക: ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയുടെ ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അയല്‍ക്കാരായ പാകിസ്താനെതിരെ ഇന്ത്യയുടെ വിജയം. ഇത് ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയുടെ കലാശപ്പോരിന് യോഗ്യത നേടുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ മലേഷ്യ-കൊറിയ മത്സരത്തിലെ ജേതാക്കളെ ഇന്ത്യ നേരിടും.

സത്ബീര്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, ലളിത് ഉപാധ്യായ, ഗുര്‍ജന്ദ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് പാകിസ്താനെതിരെ സമനില മാത്രം മതിയായിരുന്നു.

തുടക്കത്തില്‍ പാകിസ്താന്റെ മുന്‍തൂക്കമായിരുന്നു കണ്ടത്. ആദ്യ ക്വാര്‍ട്ടറില്‍ രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ സ്വന്തമാക്കിയ പാകിസ്താന്‍ തന്നെയായിരുന്നു പന്ത് അധികസമയവും കൈവശം വെച്ചതും. എന്നാല്‍ ഇന്ത്യയുടെ ശക്തമായ പ്രതിരോധം പാകിസ്താനെ ഗോള്‍ നേടുന്നതില്‍ നിന്നും സമര്‍ത്ഥമായി തടഞ്ഞുനിര്‍ത്തി. രണ്ടാം ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇന്ത്യയുടെ ഹര്‍മന്‍ പ്രീതിന്റെ ഒരു ഷോട്ട് ബാറില്‍ ഇടിച്ച് മടങ്ങി.


മൂന്നാം ക്വാര്‍ട്ടറില്‍ ആക്രമണം ശക്തമാക്കിയ ഇന്ത്യ ആദ്യ ഗോള്‍ സ്വന്തമാക്കി. 39 ആം മിനിട്ടില്‍ സത്ബീര്‍ സിംഗിലൂടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡ് തുറന്നു. മത്സരത്തിന്റെ അവസാന ഒമ്പത് മിനിട്ടിലാണ് ഇന്ത്യ ബാക്കി മൂന്ന് ഗോളുകളും നേടിയത്. 51 ആം മിനിട്ടില്‍ ഹര്‍മന്‍ പ്രീതും തൊട്ടടുത്ത മിനിട്ടില്‍ ലളിത് ഉപാധ്യായയും പാക് വല കുലുക്കി. 57 ആം മിനിട്ടില്‍ ഗുര്‍ജന്ദ് സിംഗ് ഇന്ത്യയുടെ നാലാം ഗോള്‍ കണ്ടെത്തി.


ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുന്നത്. സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു പാകിസ്താനെതിരായത്. ആദ്യ മത്സരത്തില്‍ കൊറിയയോട് സമനില വഴങ്ങിയ ഇന്ത്യ തൊട്ടടുത്ത മത്സരത്തില്‍ മലേഷ്യയെ 6-1 ന് തകര്‍ത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top