മെര്‍സലിനെ വീണ്ടും സെന്‍സര്‍ ചെയ്യരുത്, ബിജെപി പ്രചരണങ്ങളെ വിമര്‍ശിച്ച് കമലഹാസന്‍


ചെന്നൈ: മെര്‍സലിനെതിരെയുള്ള ബിജെപി പ്രചരണങ്ങളെ വിമര്‍ശിച്ച് നടന്‍ കമലഹാസന്‍. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രമാണ് മെര്‍സല്‍ അതിനെ വീണ്ടും സെന്‍സര്‍ ചെയ്യരുതെന്നും കമലഹാസന്‍ പറയുന്നു. വിമര്‍ശനങ്ങള്‍ക്ക് യുക്തിസഹമായ മറുപടിയാണ് നല്‍കേണ്ടതെന്നും, അല്ലാതെ വിമര്‍ശകരുടെ വായടപ്പിക്കുകയല്ല വേണ്ടത്. സംസാരിക്കുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമലഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

വിജയ് ചിത്രം മെര്‍സലില്‍ ബിജെപിയെ വിമര്‍ശിക്കുന്ന രംഗങ്ങളുണ്ടെന്നും, അവ വെട്ടിമാറ്റണമെന്നും കഴിഞ്ഞ ദിവസം ബിജെപി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന രംഗങ്ങളുള്ളതിനാലാണ് മെര്‍സലില്‍നിന്ന് ഇവ നീക്കം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് തമിഴരസി സുന്ദര്‍രാജാണ് ചിത്രത്തിനെപ്പറ്റി ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചത്.

ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂരിലെയും യുപിയിലെ മറ്റിടങ്ങളിലേയും കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെല്ലാം ചിത്രത്തില്‍ പരിഹാസത്തിന് പാത്രമാകുന്നു. ഇതെല്ലാം ബിജെപിയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം സ്വയം സമ്മതിക്കുന്നതിന് തുല്യമാണ് ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ നീക്കമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

മികച്ച പ്രതികരണം നേടി മെര്‍സല്‍ മുന്നേറുന്നതിനിടെയാണ് ബിജെപി ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ശരാശരിക്കും മുകളില്‍ നിരൂപക ശ്രദ്ധയും നേടുന്നു. എന്നാല്‍ ബിജെപിയുടെ അഭിപ്രായത്തോട് ചിത്രത്തിന്റെ സംവിധായകനോ മറ്റ് അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top