“ഇന്നുകാണുന്ന ദൈവങ്ങള്‍ അടുത്ത നൂറ് വര്‍ഷം നിലനില്‍ക്കുമെന്നാണോ കരുതുന്നത്?”, ദൈവം എന്ന സങ്കല്‍പത്തെ മനുഷ്യന്‍ തൂത്തെറിയുമെന്ന് ഡാന്‍ ബ്രൗണ്‍

ഡാന്‍ ബ്രൗണ്‍

ദൈവം എന്ന സങ്കല്‍പത്തെ മനുഷ്യന്‍ ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് വിഖ്യാത എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍. മനുഷ്യന് ഇനി ദൈവത്തിന്റെ ആവശ്യം വരില്ല. കൃത്രിമ ബുദ്ധിയുടെ സഹായത്തില്‍ ഒരു കൂട്ടായ അവബോധം രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട് പുസ്തകമേളയില്‍ സദസിനെ അഭിമുഖീകരിക്കുകയായിരുന്നു ബ്രൗണ്‍.

“ശാസ്ത്രത്തെ മറികടക്കാന്‍ ദൈവത്തിനാകുമോ എന്ന ചോദ്യത്തില്‍നിന്നാണ് തന്റെ പുതിയ നോവലായ ‘ഒറിജിന്‍’ ഉണ്ടായത്. എന്നാല്‍ ഇന്നേവരെ ശാസ്ത്രത്തെ മറികടക്കാന്‍ ദൈവത്തിനായിട്ടില്ല. ഇന്നുകാണുന്ന ദൈവങ്ങള്‍ അടുത്ത നൂറ് വര്‍ഷം നിലനില്‍ക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ കരുതുന്നതില്‍ പന്തികേടുണ്ടെന്നും ബ്രൗണ്‍ പറഞ്ഞു.

“സാങ്കേതികതയിലുണ്ടാകുന്ന മാറ്റങ്ങളും കൃത്രിമ ബുദ്ധിയുടെ വികാസവുമാണ് ഇനി ദൈവ സങ്കല്‍പങ്ങളെ മാറ്റിമറിക്കുക. ആത്മീയമായ ചെയ്തികളെല്ലാം മറ്റൊരു തലത്തിലേക്ക് മാറും. മനസുകൊണ്ട് പരസ്പരം ബന്ധപ്പെടാനാകുന്ന സാഹചര്യത്തിലേക്ക് നാം എത്തിപ്പെടും. ഇതോടെ കണ്‍മുന്നലിരുന്ന് വിധികളെഴുതുന്ന ദൈവങ്ങളുടെ ആവശ്യവും കുറയും. വൈകാതെ എന്നേന്നേക്കുമായി അത്തരം സങ്കല്‍പങ്ങളെ മനുഷ്യന്‍ കൈവിടും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകങ്ങളിലൊന്നായ ഡാവിഞ്ചി കോഡാണ് ഡാന്‍ ബ്രൗണിനെ ജന മനസുകളില്‍ പ്രതിഷ്ഠിച്ചത്. ഇന്‍ഫര്‍ണോ, ഏഞ്ചസ് ആന്‍ഡ് ഡിമോണ്‍സ്, ദി ലോസ്റ്റ് സിംബല്‍, ഡിസപ്ഷന്‍ പോയന്റ് എന്നിവയെല്ലാം വില്‍പനയില്‍ അത്ഭുതം സൃഷ്ടിച്ച നോവലുകളാണ്. 56 ഭാഷകളിലായി 20 കോടിയിലധികം പുസ്തകങ്ങള്‍ ബ്രൗണിന്റേതായി വിറ്റുപോയിട്ടുണ്ട്. കേരളത്തിലും വളരെയധികം ആളുകളാണ് ഡാന്‍ ബ്രൗണിന്റെ പുതിയ നോവലിനായി കാത്തിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top