കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ അപ്രസക്തം; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് അരുണ്‍ ജെയ്റ്റിലി

അരുണ്‍ ജെയ്റ്റിലി

ദില്ലി: വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ പ്രാധാന്യം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ മുമ്പ് വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും പാര്‍ട്ടിയുടെ വിജയത്തെ അത് ബാധിക്കില്ലെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐഎംഎഫിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുകാന്‍ അമേരിക്കയിലാണ് ജെയ്റ്റിലി ഇപ്പോള്‍. ‘ആര്‍ക്കാണ് ജനപിന്തുണയെന്ന് വ്യക്തമാക്കും. ജിഎസ്ടി കോണ്‍ഗ്രസിന്റെ ആശയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ തങ്ങളുടെ നിലപാട് മാറ്റുകയാണ്. അതുകൊണ്ടുതന്നെ അവരുടെ വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ല’ ജെയ്റ്റിലി പറയുന്നു.

‘ഇന്ത്യ ഒരു മാറ്റത്തിലൂടെ കടന്നുപോകുകയാണ്. വളര്‍ച്ചാ നിരക്ക് കൂടുകയാണ്, വരും നാളുകളില്‍ രാജ്യത്തിനത് ഗുണം ചെയ്യും. ജിഎസ്ടി, നോട്ട് നിരോധനം എന്നിവ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ്. അന്താരാഷ്ട്ര വളര്‍ച്ചാനിരക്ക് കുറയുമ്പോഴാണ് ഇന്ത്യ വേഗത്തിലുള്ള വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഘടനാപരമായ മാറ്റത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്‌’ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ജെയ്റ്റിലി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top