‘പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്’ ഇനി ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും

ദേശീയ പുരസ്‌കാരത്തിനര്‍ഹമായ മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും കൈകോര്‍ത്ത മറ്റൊരു ഹിറ്റായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. കഴിഞ്ഞ ജൂണില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക-നിരൂപക ശ്രദ്ധ ഒരുപോലെ നേടി. ഇപ്പോഴിതാ റീല്‍ ഏഷ്യന്‍ ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് ഇന്ത്യയില്‍ നിന്നുള്ള മികച്ച സിനിമകളില്‍ ഒന്നായാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും വിലയിരുത്തപ്പെട്ടത്. ഓസ്‌കാറിന് ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളുടെ പട്ടികയിലും സിനിമ ഇടം പിടിച്ചിരുന്നു. എന്നാല്‍ രാജ് കുമാര്‍ റാവുവിന്റെ ‘ന്യൂട്ടണ്‍’ ആണ്‌ ഒടുവില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പേരു സൂചിപ്പിക്കുന്നതുപോലെ ഒരു മോഷണ വസ്തുവിനെ ചുറ്റിപ്പറ്റിയാണ്. കള്ളന്റെ വേഷമാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ കൈകാര്യം ചെയ്യുന്നത്.

ടൊറന്റോ അന്താരാഷ്ട്ര ഫെസ്റ്റിവലിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടതോടെ മലയാള സിനിമയ്ക്ക് അഭിമാനമാകുകയാണ് ദിലീഷ് പോത്തന്റെ ഈ റിയലിസ്റ്റിക്ക് ചിത്രം. വളരെക്കുറച്ച് കഥാപാത്രങ്ങളുമായി തിയറ്ററില്‍ എത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും അക്ഷരാര്‍ഥത്തില്‍ സംവിധായകന്റെയും അഭിനേതാക്കളുടെയും കയ്യൊപ്പായിരുന്നു. ഒന്നിനൊന്ന് മികച്ച അഭിനയമാണ് എല്ലാവരും കാഴ്ചവെച്ചത്. ചിത്രം ”ദ മൈനൊര്‍ ആന്‍ഡ് ഐ വിറ്റ്‌നസ്” എന്ന പേരില്‍ നവംബര്‍ പതിനഞ്ചിന് മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top