അമേരിക്കയും ഇസ്രായേലും യുനസ്‌കോയില്‍ നിന്നും പിന്മാറി; പിന്മാറ്റത്തിന് കാരണം ഇസ്രായേല്‍ വിരുദ്ധ നീക്കങ്ങളെന്ന് അമേരിക്ക

ഫയല്‍ ചിത്രം

വാഷിംഗ്ടണ്‍ : യുനസ്‌കോയില്‍ നിന്നും അമേരിക്കയും ഇസ്രായേലും പിന്മാറി. പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേല്‍ വിരുദ്ധ സമീപനം പുലര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് ഐക്യരാഷ്ട്ര സഭയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയില്‍ നിന്നും അമേരിക്ക പിന്മാറിയത്. സംഘടനയില്‍ ഇനി പ്രത്യേക നിരീക്ഷക രാജ്യമെന്ന് പദവി മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

അമേരിക്കയുടെ പിന്മാറ്റത്തിന് പിന്നാലെയായിരുന്നു ഇസ്രായേല്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. അമേരിക്കയുടെ തീരുമാനം ധീരവും ധാര്‍മ്മികത നിറഞ്ഞതുമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

എന്നാല്‍ പിന്മാറ്റം ഏറെ ഖേദകരമെന്ന് യുനെസ്‌കോ അധ്യക്ഷ ഇറിന ബൊക്കോവ അഭിപ്രായപ്പെട്ടു. സംഘടനയുടെ ‘ബഹുമുഖ’ പ്രതിച്ഛായയ്ക്ക് യുഎസിന്റെ പിന്‍മാറ്റം മങ്ങലേല്‍പ്പിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കാനുള്ള യുനെസ്‌കോ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2011 ല്‍ സംഘടനയ്ക്കുള്ള ബജറ്റ് വിഹിതം അമേരിക്ക വെട്ടിക്കുറച്ചിരുന്നു. യുനസ്‌കോയില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും സംഘടനയുടെ നിയമങ്ങള്‍ പ്രകാരം 2018 ഡിസംബര്‍ വരെ അമേരിക്ക അംഗമായി തുടരേണ്ടി വരും. നേരത്തെ ഐക്യരാഷ്ട്ര സഭയുടെ കഴിലുള്ള പല സംഘടനകള്‍ക്കും ആനുപാതത്തില്‍ അധികമായി അമേരിക്ക സാമ്പത്തിക വിഹിതം നല്‍കുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top