അഞ്ച് ആണ്‍കുട്ടികള്‍ ഉള്ള ദമ്പതികള്‍ അവസാനത്തെ പെണ്‍കുഞ്ഞിനെ കൊന്നുകളഞ്ഞു; ക്രൂരകൃത്യം അരങ്ങേറിയത് ലോക ബാലികാ ദിനത്തില്‍

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: ജനിച്ചു വീഴുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ക്രൂരമായി കൊന്നു കളയുന്ന സംഭവങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആണ്‍കുഞ്ഞിനു വേണ്ടി കാത്തിരുന്നിട്ട് ജനിക്കുന്നത് മുഴുവന്‍ പെണ്‍കുഞ്ഞുങ്ങളാകുമ്പോഴാണ് സാധാരണ ഇത്തരം ക്രൂരകൃത്യങ്ങള്‍ കൂടുതല്‍ അരങ്ങേറുന്നത്. എന്നാല്‍ അഞ്ച് ആണ്‍മക്കളും ഒരേയൊരു പെണ്‍കുട്ടിയും മാത്രമുള്ള ദമ്പതികള്‍ ഏഴാമതായി തങ്ങള്‍ക്ക് ജനിച്ച കുഞ്ഞിനെ പെണ്‍കുഞ്ഞായതിന്റെ പേരില്‍ കൊന്നു കളഞ്ഞ സംഭവമാണ് കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പെണ്‍കുഞ്ഞുങ്ങള്‍ക്കായി ആഘോഷിക്കപ്പെടേണ്ട ലോക ബാലികാ ദിനത്തിലാണ് പെണ്‍കുഞ്ഞായതിന്റെ പേരില്‍ ഒരു ജീവന്‍ സ്വന്തം മാതാപിതാക്കള്‍ തന്നെ ഇല്ലാതാക്കിയത്. രാജസ്ഥാനിലെ ജലരപട്ടണില്‍ വീരംലാല്‍-സോറാ ഭായി ദമ്പതികളാണ് പെണ്‍കുഞ്ഞിനെ വഴിയിലുപേക്ഷിച്ച് കല്ലിട്ട് മൂടിയത്.

ആണ്‍കുട്ടികളെ മാത്രം ഇഷ്ടപ്പെട്ടിരുന്ന ദമ്പതികള്‍ക്ക് ആറാമതായി ജനിച്ചത് പെണ്‍കുട്ടിയായിരുന്നു. ഇതിനു ശേഷമാണ് ഒരു ആണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹത്തോടെ സോറാഭായി ഏഴാമതും കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ജനിച്ചത് പെണ്‍കുഞ്ഞാണെന്നറിഞ്ഞതോടെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ അഞ്ചിനാണ് സോറാഭായി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജായ ശേഷം ഇവര്‍ വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ആളുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കുഞ്ഞിന് മുകളില്‍ കല്ലെടുത്തു വെക്കുകയും ചെയ്തു.

എന്നാല്‍ കുഞ്ഞിനെ മണ്ണിട്ട് മൂടുന്നത് കണ്ട സമീപവാസിയായ പെണ്‍കുട്ടി നാട്ടുകാരെ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് നാട്ടുകാരും പിന്നീട് പൊലീസും സ്ഥലത്തെത്തുകയും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

ജലരപട്ടണിലെ ഫുഡ് കോര്‍പറേഷന്‍ ഹൗസിന് സമീപമാണ് ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ വഴിയിലുപേക്ഷിച്ചതിനും മരണത്തിന് കാരണക്കാരായതിനും ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top