ദില്ലിയില്‍ മുഖ്യമന്ത്രിയുടെ കാറിനും രക്ഷയില്ല: സെക്രട്ടേറിയറ്റിന് പുറത്ത് നിര്‍ത്തിയിട്ട കെജരിവാളിന്റെ കാറും മോഷണം പോയി

ഫയല്‍ ചിത്രം

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രശസ്തമായ ബ്ലൂ മാരുതി വാഗണ്‍ കാര്‍ മോഷണം പോയി. ദില്ലി സെക്രട്ടേറിയറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന  കാറാണ് മോഷണം പോയത്.

കെജരിവാളിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന കാറായിരുന്നു ബ്ലൂ വാഗണ്‍ ആര്‍. മുഖ്യമന്ത്രിയായതിനുശേഷം ആഡംബരം ഒഴിവാക്കുന്നതിനായി കെജരിവാള്‍ ഉപയോഗിച്ചിരുന്നത് ഈ കാറായിരുന്നു. അതേസമയം മോഷണം പോയ കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ആം ആദ്മി പാര്‍ട്ടിയുടെ യുവജന നേതാവും മാധ്യമ കോര്‍ഡിനേറ്ററുമായ വന്ദന സിംഗാണ്.

മോഷണം നടന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നുവെന്ന് അഡിഷ്ണല്‍ ഡിസിപി ആന്റോ അല്‍ഫോന്‍സ് പറഞ്ഞു. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ വ്യക്തത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍  അടുത്തിടെയായി  വാഹന മോഷണങ്ങളില്‍ ഗണ്യമായ  വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

ശരാശരി 112 വാഹനങ്ങളാണ് ദില്ലിയില്‍ ഒരു ദിവസം മോഷണം പോകുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 30000 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഇത്തരത്തില്‍ നഷ്ടപ്പെട്ടതില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രം വാഹനങ്ങളാണ് കണ്ടെത്താന്‍ സാധിച്ചത് എന്നതും മറ്റൊരു വസ്തുതയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top