special page

വിവാഹിതയായ സ്ത്രീ നേരിടുന്ന ക്രൂരത സംബന്ധിച്ച പരാതികള്‍ക്ക് സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡിജിപി

ഡിജിപി ലോക്നാഥ് ബെഹ്റ (ഫയല്‍)

തിരുവനന്തപുരം: ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ വകുപ്പുപ്രകാരമുള്ള കേസുകളില്‍ നടപടി സ്വീകരിക്കുമ്പോള്‍ ഇതു സംബന്ധിച്ച് സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവാഹിതയായ സ്ത്രീ ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്തൃവീട്ടുകാരില്‍ നിന്നോ നേരിടുന്ന ക്രൂരത സംബന്ധിച്ച പരാതികളാണ് ഐപിസി 498 എ വകുപ്പു പ്രകാരം കേസെടുത്ത് അന്വേഷിക്കുന്നത്.

ഐപിസി 498 എന്ന വകുപ്പിന്റെ ദുരുപയോഗം തടയുന്നതിന് ഉദ്ദേശിച്ചാണ് ബഹുമാനപ്പെട്ട സുപ്രിം കോടതി 2017 ജൂലായ് 27 ന് ക്രിമിനല്‍ അപ്പീല്‍ നമ്പര്‍ 1265/2017ല്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

എല്ലാ ജില്ലകളിലും ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ കീഴില്‍ ഒന്നോ അതിലധികമോ കുടുംബക്ഷേമ സമിതികള്‍ രൂപീകരിക്കണമെന്ന്‌സുപ്രിം കോടതി മാര്‍ഗനിര്‍ദേശത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. കുറഞ്ഞത് മൂന്ന് അംഗങ്ങളെങ്കിലും ഈ സമിതിയില്‍ ഉണ്ടാകണം.

ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ സെഷന്‍സ് ജഡ്ജി കുറഞ്ഞത് വര്‍ഷത്തിലൊരിക്കലെങ്കിലും ഈ സമിതിയുടെ പ്രവര്‍ത്തനം വിലയിരുത്തണം. പൊലീസിനോ മജിസ്‌ട്രേറ്റിനോ ലഭിക്കുന്ന 498 എന്ന വകുപ്പിന്റെ പരിധിയില്‍ വരുന്ന ഓരോ പരാതിയും ഈ സമിതിക്ക് നല്‍കുകയും സമിതി അത് വിശദമായി പരിശോധിക്കുകയും വേണം.

സമിതിക്ക് പരാതിയില്‍ പറഞ്ഞിട്ടുള്ള കക്ഷിയുമായി നേരിട്ടോ ടെലഫോണ്‍ മുഖേനയോ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ഉള്‍പ്പെടെ മറ്റേതെങ്കിലും ആശയവിനിമയ ഉപാധി മുഖേനയോ ബന്ധപ്പെടാം. ഇങ്ങനെയുള്ള പരാതികള്‍ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ സമിതി അന്വേഷണം നടത്തി വിഷയത്തെ സംബന്ധിച്ചുള്ള വസ്തുതകള്‍, സമിതിയുടെ അഭിപ്രായം എന്നിവ ഉള്‍പ്പെടെ സംക്ഷിപ്ത റിപ്പോര്‍ട്ട് പരാതി ലഭിച്ച അധികാരിക്ക് നല്‍കണം.

ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ഇത്തരം കേസുകളില്‍ സാധാരണഗതിയില്‍ അറസ്റ്റുകള്‍ നടത്താവൂ. റിപ്പോര്‍ട്ട് അതിന്റെ പ്രാധാന്യം അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനോ മജിസ്‌ട്രേറ്റോ പരിഗണിക്കുകയും തുടര്‍ നടപടികള്‍ എടുക്കുകയും വേണം. പ്രതികള്‍ വിദേശത്താണെങ്കില്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കലോ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കലോ അസാധാരണ സാഹചര്യങ്ങളിലേ ചെയ്യാവു.

ഈ വകുപ്പിന്റെ പരിധിയില്‍ വരുന്ന പരാതിയും അതുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളും ഓരോ പ്രദേശത്തും ഇതിനായി അധികാരപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഇവര്‍ക്ക് സുപ്രീം കോടതി നിര്‍ദേശിക്കുന്ന പ്രകാരം ഒരാഴ്ചയെങ്കിലും പരിശീലനം നല്‍കും.

ഏതെങ്കിലും തരത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയാണെങ്കില്‍ ഇത്തരം പരാതികളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ തീര്‍പ്പാക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനുള്ള അധികാരം ജില്ലാ സെഷന്‍സ് ജഡ്ജിമാര്‍ക്കോ അല്ലെങ്കില്‍ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്ത മറ്റ് മുതിര്‍ന്ന ജുഡിഷ്യല്‍ ഉദ്യോഗസ്ഥനോ ഉണ്ടായിരിക്കുമെന്ന് സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ പ്രകടമായ ശാരീരിക ക്ഷതം, മരണം എന്നിവ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്കു മേല്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

498 എ കേസുകള്‍ അന്വേഷിക്കുന്നതിന് ഓരോ പ്രദേശത്തും ഉദ്യോഗസ്ഥരെ ഇതിനായി അധികാരപ്പെടുത്തണമെന്ന സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ഇതിനായി അധികാരപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കുവാന്‍ മേഖലാ ഡിജിപി, എഡിജിപി മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top