പദ്ധതി നിര്‍വഹണ രീതിയില്‍ പൊളിച്ചെഴുത്ത്: 93 ശതമാനം പദ്ധതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം: വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കേരളം പഴയ രീതികള്‍ മാറ്റി പുതിയ പാതയില്‍. സംസ്ഥാന വാര്‍ഷിക പദ്ധതിയില്‍ (2017-18) വിവിധ വകുപ്പുകള്‍ ഇതിനകം 40.36 ശതമാനം തുക ചെലവഴിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പദ്ധതി നിര്‍വഹണത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 21 ശതമാനം തുകയാണ് ചെലവഴിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തേക്കുളള 93 ശതമാനം പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കി. അവശേഷിക്കുന്ന 7 ശതമാനം പദ്ധതികള്‍ക്ക് ഒക്ടോബറില്‍ തന്നെ ഭരണാനുമതി നല്‍കണമെന്ന് ബുധനാഴ്ച നടന്ന പദ്ധതി അവലോകനത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പദ്ധതി നിര്‍വഹണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയതിന് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

2017-18 വര്‍ഷത്തേക്ക് 34,538 കോടിയുടെതാണ് കേരളത്തിന്റെ വാര്‍ഷിക പദ്ധതി. ഇതില്‍ 20,272 കോടി രൂപ സംസ്ഥാന വിഹിതം. ഇതിന്റെ 40.37 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 6,227 കോടി രൂപയും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം 8,039 കോടി രൂപയുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 21 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ ഒരു ശതമാനം മാത്രമായിരുന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ചെലവ് 29 ശതമാനം. മുന്‍ വര്‍ഷം 17 ശതമാനം. മൊത്തം പദ്ധതി അടങ്കലിന്റെ (34,538 കോടി രൂപ) 34 ശതമാനമാണ് ഇതുവരെ ചെലവഴിച്ചത്. മുന്‍വര്‍ഷം 16 ശതമാനം മാത്രമായിരുന്നു മൊത്തം ചെലവ്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികളില്‍ പൊതുമരാമത്ത് വകുപ്പിന് ചുമതലയുളള കെട്ടിടനിര്‍മ്മാണ രംഗത്താണ് കാലതാമസം പ്രധാനമായി വരുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും മാസങ്ങള്‍ എടുക്കുന്നു. വില്ലേജ് ഓഫീസ് പോലുളള ചെറിയ കെട്ടിടങ്ങള്‍ മുതല്‍ വലിയ ബഹുനില കെട്ടിടങ്ങള്‍ വരെ ഇത്തരം കാലതാമസം നേരിടുന്നു. അതുകൊണ്ട് തന്നെ ഒരു വര്‍ഷത്തെ പദ്ധതിയില്‍ അനുവദിക്കുന്ന കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷങ്ങളെടുക്കുന്ന സ്ഥിതിയാണ്. പിഡബ്ല്യുഡിയുടെ മേല്‍നോട്ട ചുമതല നിലനിര്‍ത്തിക്കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

നബാര്‍ഡ് വഴിയുളള ഗ്രാമീണ പശ്ചാത്തല സൗകര്യവികസന ഫണ്ടിനുളള പദ്ധതികള്‍ നേരത്തെ തയ്യാറാക്കാന്‍ എല്ലാ വകുപ്പുകളോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നബാര്‍ഡ് അനുമതി ലഭിക്കുന്ന ഉടനെ ടെണ്ടര്‍ വിളിക്കാന്‍ കഴിയുന്ന തരത്തില്‍ വിശദമായ പദ്ധതി തയ്യാറാക്കണം. കിഫ്ബി ഫണ്ടിന് വേണ്ടി തയ്യാറാക്കിയതും എന്നാല്‍ കിഫ്ബിയുടെ അംഗീകാരം ഇതുവരെ ലഭിക്കാത്തതുമായ പദ്ധതികള്‍ നബാര്‍ഡിന് സമര്‍പ്പിക്കാവുന്നതാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഒരു രൂപപോലും സംസ്ഥാനത്തിന് നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

10 കോടി രൂപയിലധികം ചെലവ് വരുന്ന 85 പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷമുളളത്. അവയുടെ മൊത്തം അടങ്കല്‍ 5,190 രൂപയാണ്. ഈ പദ്ധതികള്‍ മുഖ്യമന്ത്രി പ്രത്യേകമായി അവലോകനം ചെയ്യും. ഓരോ വര്‍ഷവും ഡിസംബര്‍ മാസമാകുമ്പോഴേക്കും പദ്ധതിയുടെ 67 ശതമാനം ചെലവഴിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അവസാന മൂന്നുമാസത്തേക്ക് 33 ശതമാനമേ ബാക്കി നിര്‍ത്താവൂ എന്ന് അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top