ശബരിമല സ്ത്രീ പ്രവേശനം: സുപ്രിം കോടതി വിധി നാളെ

ഫയല്‍ ചിത്രം

ദില്ലി: ശബരിമല സ്ത്രീ പ്രവേശന കേസ് ഭരണഘടന ബഞ്ചിന് വിടുന്നത് സംബന്ധിച്ച് സുപ്രിം കോടതി വിധി നാളെ. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിക്കുക. രാവിലെ 10.30 നാണ് വിധി പ്രസ്താവിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപെട്ടുള്ള ഹര്‍ജി ഭരണഘടന ബഞ്ചിന്റെ പരിഗണനക്ക് വിടുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിം കോടതി ബഞ്ച് ഫെബ്രവരിയില്‍ അറിയിച്ചിരുന്നു.

ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചു കൊണ്ടുള്ള വിശദമായ ഉത്തരവ് കോടതി പുറപ്പെടുവിക്കാനാണ് സാധ്യത. ഭരണഘടന ബഞ്ചിന്റെ പരിഗണനയ്ക്കുള്ള ചോദ്യങ്ങള്‍ കക്ഷികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തിയതിലെ ഭരണഘടന പ്രശ്‌നമാണ് പ്രധാനമായും പരിഗണിക്കുക. സര്‍ക്കാറുകള്‍ മാറുമ്പോള്‍ ഇത്തരം കേസുകളില്‍ നിലപാട് മാറ്റാന്‍ കഴിയുമോ എന്ന കാര്യവും കോടതി പരിശോധിക്കും.

പ്രവേശനത്തെ അനുകൂലിച്ച് 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കരുതെന്ന് യുഡിഎഫ് സര്‍ക്കാര്‍ ആവശ്യപെട്ടിരുന്നു. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ 2007 ലെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി കോടതിയെ അറിയിച്ചു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പ്രധാന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ക്ഷേത്രസംരക്ഷണ സമിതി ഉള്‍പെടെയുള്ളവര്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top