ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം: ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടന്നതിന്റെ തെളിവാണിതെന്നും കെകെ രമ

കെകെ രമ

കൊച്ചി: വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് കെകെ രമ. ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടന്നുവെന്നതിന് തെളിവാണിതെന്നും സിബിഐ അന്വേഷണത്തിന് ഇത് ഉപകാരപ്പെടുമെന്നും കെകെ രമ പറഞ്ഞു. റിപ്പോര്‍ട്ടറോട് പ്രതികരിക്കുകയായിരുന്നു കെകെ രമ.

നാല് വര്‍ഷമായി എന്തുകൊണ്ട് ഇത് പുറത്തുവന്നില്ല, കൊലയാളികള്‍ക്ക് ചന്ദ്രശേഖരനുമായി ബന്ധമില്ലെന്ന് വളരെ വ്യക്തമായിട്ട് എല്ലാവര്‍ക്കും അറിയുന്നതാണെന്നും, എന്നാല്‍ ആരാണ് ഇതിന് പിന്നിലെന്നും, എന്തുകൊണ്ട് അന്വേഷണം അങ്ങോട്ട് എത്തിയില്ലെന്നും കെകെ രമ ചോദിച്ചു.

സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് എന്തുകൊണ്ട് അത്തരം നിര്‍ദേശം നല്‍കാതിരുന്നുവെന്നും കെകെ രമ ചോദിച്ചു.  ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന പ്രതീക്ഷയില്ലെന്നും, പൊതുസമൂഹം വിലയിരുത്തട്ടെയെന്നും കെകെ രമ റിപ്പോര്‍ട്ടറോട് പറഞ്ഞു.

ടിപിയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കോണ്‍ഗ്രസ് നേതാക്കള്‍ സോളാര്‍ റിപ്പോര്‍ട്ടിനെ കണ്ടാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരക്കിട്ട നടപടികളെടുത്തത് സിപിഐഎമ്മിന്റെയും പിണറായി വിജയന്റെയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണെന്നും ബല്‍റാം അഭിപ്രായപ്പെട്ടിരുന്നു.

ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കാനും തോമസ് ചാണ്ടി അടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താനും കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.

എന്നാല്‍ ബല്‍റാമിന്റെ ആരോപണങ്ങളെ തള്ളി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി.  ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തന്റെ അറിവില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. അതിനെ കുറിച്ച് ഒത്തുതീര്‍പ്പാക്കി എന്ന് പറയുന്നവര്‍ തന്നെ മറുപടി പറയണമെന്നുമാണ് തിരുവഞ്ചൂര്‍ പ്രതികരിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top