സോളാറില്‍ മറുപടിയില്ലാതെ കോണ്‍ഗ്രസ് നേതൃത്വം; പ്രതിരോധത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിത്തുടങ്ങി

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ( ഫയല്‍ ചിത്രം )

തിരുവനന്തപുരം: സോളാറില്‍ മറുപടി പറയാന്‍ കഴിയാതെ പാടുപെടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വിഷയത്തില്‍ വിശദീകരണം തേടി നേതാക്കളെ ഹൈക്കമാന്റ് ദില്ലിയിലേക്ക് വിളിപ്പിച്ചു. അതേസമയം, തെറ്റു ചെയ്തുവെന്ന് തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിപിഐഎമ്മിന്റേത് നിലവാരം ഇല്ലാത്ത പകപോക്കലാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സോളര്‍ റിപ്പോര്‍ട്ടില്‍ ആടിയുലയുന്ന കോണ്‍ഗ്രസ്സ് നേതൃത്വം പ്രതിരോധനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി തുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചു. നിയമപരമായും രാഷ്ട്രീയപരമായും റിപ്പോര്‍ട്ടിനെ നേരിടാനാണ് ഹൈക്കമാന്റ് തീരുമാനം. ഒരു ശതമാനമെങ്കിലും താന്‍ തെറ്റു ചെയ്തുവെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ ചട്ടലംഘനം ഉണ്ടെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സിപിഐഎമ്മിന്റേത് നിലവാരം ഇല്ലാത്ത പകപോക്കലാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ തരംതാഴ്ന്ന നാലാംകിട രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മുക്ത കേരളം സൃഷ്ടിക്കാന്‍ പിണറായി വിജയനും നരേന്ദ്ര മോദിയും രഹസ്യ ധാരണ ഉണ്ടാക്കിയെന്നും ഹസന്‍ ആരോപണം ഉന്നയിച്ചു.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി അവകാശ ലംഘനം നടത്തിയെന്ന് ആരോപിച്ച് കെസി ജോസഫ് സ്പീക്കര്‍ക്ക് പരാതി നല്‍കി. ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ ഇനിയും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാത്തതിലൂടെ പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധിയാണ് വെളിപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top