ഹിമാചല്‍പ്രദേശ് വോട്ടെടുപ്പ് നവംബര്‍ ഒന്‍പതിന്; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം പിന്നീടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ദില്ലി: അടുത്തവര്‍ഷം ജനുവരി മാസത്തില്‍ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന ഹിമാചല്‍പ്രദേശിലെ നിയമഭയിലേക്കുള്ള വോട്ടെടുപ്പ്  അടുത്ത മാസം ഒന്‍പതിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ തന്നെ നിയമസഭാ കാലാവധി അവസാനിക്കുന്ന ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും പ്രഖ്യാപനം പിന്നീട് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

ഹിമാചല്‍പ്രദേശില്‍ നവംബര്‍ ഒമ്പതിന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്നുമുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. 68 അംഗ ഹിമാചല്‍പ്രദേശ് നിയമസഭയുടെ കാലാവധി 2018 ജനുവരി ഏഴിനാണ് ആണ് അവസാനിക്കുന്നത്.

വോട്ടെടുപ്പില്‍ ചെയ്യപ്പെടുന്ന വോട്ട് കടലാസില്‍ രേഖപ്പെടുത്തുന്ന വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തുമെന്നും ഓരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

182 അംഗ ഗുജറാത്ത് നിയമസഭയുടെ കാലാവധി അടുത്തവര്‍ഷം ജനുവരി 22 നാണ് അവസാനിക്കുന്നത്. ഗുജറാത്ത് നിയമസഭാ വോട്ടെടുപ്പ് ഡിസംബര്‍ 18 ന് മുന്‍പ് നടത്തുമെന്നും ഇരുസംസ്ഥാനങ്ങളുടെയും വോട്ടെണ്ണല്‍ ഡിസംബര്‍ 18 നായിരിക്കും നടത്തുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഗുജറാത്തില്‍ വോട്ടെണ്ണല്‍ ഡിസംബര്‍ 18 ന് തന്നെ നടക്കുമെങ്കിലും ഇപ്പോള്‍ വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ വളരെ നേരത്തെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം നീട്ടിവച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ പകുതി കഴിയുന്നതോടെ മഞ്ഞ് വീഴ്ച രൂക്ഷമാകുമെന്നതിനാല്‍ പോളിംഗിന് ബുദ്ധിമുട്ട് നേരിടുമെന്നതിനാലാണ് ഇവിടെ നേരത്തെ വോട്ടെടുപ്പ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top