സോളാര്‍ കേസ്: ആരോപിക്കപ്പെടുന്ന കുറ്റത്തിന്റെ ഒരു ശതമാനമെങ്കിലും തെളിഞ്ഞാല്‍ പൊതുരംഗത്തുണ്ടാവില്ലെന്ന് ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപിക്കപ്പെടുന്ന കുറ്റത്തിന്റെ ഒരു ശതമാനമെങ്കിലും തെളിഞ്ഞാല്‍ താന്‍ പൊതുരംഗത്തുണ്ടാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസിനെ നിയമപരമായി നേരിടും. രാഷ്ട്രീയപരമായി പ്രശ്‌നത്തെ നേരിടുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണത്തിലെ ടേംസ് ഓഫ് റഫറന്‍സിന്റെ കണ്ടെത്തലുകളെ സംബന്ധിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും, കണ്ടെത്തലുകള്‍ പുറത്തുവിടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല എന്ന ഉറച്ച വിശ്വാസമുളളതിനാല്‍ തന്നെ ആരോപണങ്ങളേ നിയമപരമായി നേരിടും, കോടിയേരിയെ പോലുള്ള ഇടത് നേതാക്കള്‍ ആക്ഷേപിക്കുന്ന തരത്തിലുള്ള കുറ്റങ്ങളുടെ ഒരു ശതമാനത്തിനുത്തരവാദി താനാണെങ്കില്‍ പിന്നെ താന്‍ പൊതുരംഗത്ത് ഉണ്ടാകില്ല.

പിന്നീട് പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ അര്‍ഹനല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ കാണിച്ച് യുഡിഎഫിനെയും, കോണ്‍ഗ്രസിനെയും ബലഹീനമാക്കാം എന്ന് കരുതേണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു.

അതേസമയം സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായവര്‍ക്ക് ആരോപണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ നിയമസഭയില്‍ വെയ്ക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിയമതടസമുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍, എംപിമാരായ കെസി വേണുഗോപാല്‍, ജോസ് കെ മാണി, എംഎല്‍എ മാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, മുന്‍ എംഎല്‍എ മാരായ ബെന്നി ബെഹ് നാന്‍, പിസി വിഷ്ണുനാഥ്, ഐപിഎസ് ഓഫീസര്‍മാരായ എ ഹേമചന്ദ്രന്‍, കെ പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ഉചിതമായ അന്വേഷണത്തിനും നടപടികള്‍ക്കും സര്‍ക്കാര്‍ തീരുമാനിച്ചിത്. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top