സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട മുഖ്യമന്ത്രി ചട്ടലംഘനം നടത്തി: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

ദില്ലി: നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടലംഘനം നടത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. റിപ്പോര്‍ട്ട് പുറത്തുവിട്ടത് ബിജെപിയെ സഹായിക്കാനാണെന്നും കേസിനെ കോണ്‍ഗ്രസ് നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തെ തകര്‍ക്കാനാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നത്. ഇത് നിലവാരമില്ലാത്ത പകപോക്കലാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താനും അതിന്റെ പകര്‍പ്പ് പ്രതിപക്ഷത്തിന് നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാരിന് താത്പര്യമുള്ള ഭാഗങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ചത് ശരിയല്ല. ചെന്നിത്തല അഭിപ്രായപ്പെട്ടു.

സിപിഐഎമ്മിന്റേത് നിലവാരമില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കമ്മീഷന്‍ റിപ്പോര്‍ട്ടുകളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാരമ്പര്യമാണ് സിപിഐഎമ്മിനുള്ളത്. സോളാര്‍ കേസിലെ പ്രതിയെ ഉപയോഗിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയപകപോക്കലിനാണ് തുടക്കം മുതല്‍ സിപിഐഎം ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ സിപിഐഎം നേതൃത്വം പത്തുകോടി രൂപ വാഗ്ദാനം ചെയ്‌തെന്ന സരിതയുടെ വെളിപ്പെടുത്തല്‍ സിപിഐഎം നേതാക്കള്‍ ഇതുവരെ നിഷേധിച്ചിട്ടില്ല.

ടേംസ് ഓഫ് റഫറന്‍സിന് അപ്പുറം രാഷ്ട്രീയസ്വഭാവമുള്ള പല വിഷയങ്ങളെ സംബന്ധിച്ചും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലാണെന്ന് വ്യാഖ്യാനിച്ച് ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ ശേഷം നടപടികളെ നിയമപരമായി നേരിടും. ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് വേങ്ങരയില്‍ പോളിംഗ് നടക്കുന്ന ആദ്യ മണിക്കൂറികളില്‍ നടപടി പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിട്ടതിലൂടെ സിപിഐഎം ബിജെപിയെ രക്ഷിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിനെ ലക്ഷ്യംവെച്ചുള്ള പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം-ബിജെപി ഗൂഢാലോചനയാണ്. ചെന്നിത്തല കുറ്റപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top