അണ്ടര്‍ 17 ലോകകപ്പില്‍ ചരിത്രജയം തേടി ഇന്ത്യ; അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഘാന എതിരാളി

ടീം പരിശീലനത്തില്‍

ദില്ലി : അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങും. ആഫ്രിക്കന്‍ കരുത്തരായ ഘാനയാണ് ഇന്ത്യയുടെ എതിരാളികള്‍. ദില്ലി ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ് ഇന്ത്യയുടെ മത്സരം. കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വിയറിഞ്ഞ ഇന്ത്യ വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാകും ഇന്നിറങ്ങുക.

കൊളംബിയയ്‌ക്കെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെയ്ക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. പ്രതിരോധത്തിലും ഫിനിഷിംഗിലുമുള്ള പോരായ്മ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ കോച്ച് നോര്‍ട്ടണ്‍ ഡി മാറ്റോസ്. ഘാന ശക്തരായ എതിരാളികളാണ്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. വ്യാഴാഴ്ച ചരിത്ര വിജയമാണ് ടീം ലക്ഷ്യമിടുന്നത്. അതിന് ടീം തയ്യാറെടുത്ത് കഴിഞ്ഞതായി ഇന്ത്യന്‍ ടീം പരിശീലകന്‍ പറഞ്ഞു.

ഗ്രൂപ്പ് എയില്‍ നിലവില്‍ പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ് ഇന്ത്യ. ഘാനയ്‌ക്കെതിരായി നാലു ഗോളിന്റെയെങ്കിലും വ്യത്യാസത്തില്‍ വിജയിച്ചാല്‍ മാത്രമാണ് ഇന്ത്യയ്ക്ക് നേരിയ സാധ്യത എങ്കിലുമുള്ളത്. ഇതോടൊപ്പം കൊളംബിയ വലിയ മാര്‍ജിനില്‍ അമേരിക്കയോട് തോല്‍ക്കുകയും വേണം.

അണ്ടര്‍ 17ല്‍ രണ്ടുവട്ടം ലോകചാമ്പ്യന്‍മാരാണ് ഘാന. രണ്ടുവട്ടം റണ്ണറപ്പുമായി. എതിരാളികളുടെ ഈ പാരമ്പര്യമൊന്നും ഇന്ത്യ കാര്യമാക്കുന്നില്ലെന്നും, നല്ല പോരാട്ടം കാഴ്ചവയ്ക്കുമെന്നും ക്യാപ്റ്റന്‍ അമര്‍ജിത്ത് സിങ് പറഞ്ഞു. ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അടുത്ത റൗണ്ട് ലക്ഷ്യമിട്ട് സര്‍വവും മറന്ന് കളിക്കും. കാണികളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അമര്‍ജിത്ത് പറഞ്ഞു.

അതേസമയം ഇന്ത്യയുമായുള്ള കളി നിര്‍ണായകമാണെന്ന് ഘാന കോച്ച് സാമുവല്‍ ഫാബിന്‍ പറഞ്ഞു. ഇന്ത്യയുടേത് മികച്ച ടീമാണ്. യുഎസിനെതിരായി ഒട്ടനവധി അവസരങ്ങള്‍ ടീം പാഴാക്കി. ആ പിഴവുകള്‍ ആവര്‍ത്തിക്കാതെ കൃത്യതയുള്ള കളി കാഴ്ചവയ്ക്കുമെന്നും ഫാബിന്‍ പറഞ്ഞു.

എ ഗ്രൂപ്പില്‍ രണ്ട് ജയങ്ങളുമായി ആറുപോയിന്റോടെ അമേരിക്ക പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മൂന്ന് പോയിന്റ് വീതമുള്ള കൊളംബിയയും ഘാനയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. അവസാന മത്സരം ജയിച്ച് പ്രീക്വാര്‍ട്ടറില്‍ ഇടംനേടാനാണ് ഇരുടീമുകളുടെയും ശ്രമം.

വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അമേരിക്ക കൊളംബിയയെ നേരിടും. പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കാന്‍ കൊളംബിയക്ക് ഇന്ന് വിജയം അനിവാര്യമാണ്. അതേ സമയം ഗ്രൂപ്പ് ബിയില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന മത്സരകത്തില്‍ പരാഗ്വ തുര്‍ക്കിയെയും എട്ട് മണിക്ക് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്റ് മാലിയെയും നേരിടും. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പില്‍ പരാഗ്വ മാത്രമാണ് ഇതുവരെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയിട്ടുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top